# പിടിയിലായ മൂന്നുപേരും ആംബുലൻസ് ഡ്രൈവർമാർ
ആലുവ: പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് സംഘപരിവാർ നടത്തിയ പ്രകടനത്തിനെതിരെ മതസ്പർദ്ധ വളർത്തുന്ന മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിലായി. കാക്കനാട് സ്വകാര്യ ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ ചെങ്ങമനാട് പള്ളിഞ്ഞാലിൽ അൻസാർ അബ്ദുൾ അസീസ് (38) ആണ് പിടിയിലായത്. ഇയാളെ ഇന്നലെ പുലർച്ചെ ആശുപത്രിയിൽ നിന്നാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം മൂന്നായി. ഇവരെല്ലാം എസ്.ഡി.പി.ഐ പ്രവർത്തകരും ആംബുലൻസ് ഡ്രൈവർമാരും ആംബുലൻസ് ഡ്രൈവേഴ്സ് അസോസിയേഷൻ ഭാരവാഹികളുമാണ്. സംഭവത്തിൽ മുപ്പതോളം പേർക്കെതിരെയാണ് ആലുവ പൊലീസ് കേസെടുത്തിട്ടുള്ളത്. ആലുവ കീഴ്മാട് കണ്ണാട്ടുപ്പറമ്പ് വീട്ടിൽ നൗഷാദ് (34), പറവൂർ അറയ്ക്കൽ വീട്ടിൽ സഗീർ (46) എന്നിവരാണ് ചൊവ്വാഴ്ച രാത്രി റിമാൻഡിലായത്. അൻസാർ അബ്ദുൾ അസീസിനെയും റിമാൻഡ് ചെയ്തു. കണ്ടാലറിയുന്ന മറ്റുള്ളവർക്കായി ആലുവ സി.ഐ നവാസിന്റെ നേതൃത്വത്തിൽ അന്വേഷണം വ്യാപകമാക്കി.