കൊച്ചി: അടിയന്തരാവസ്ഥയ്ക്ക് മുമ്പ് രാജ്യത്തുണ്ടായിരുന്ന സ്ഥിതി അനുസ്മരിപ്പിക്കുന്നതാണ് സമകാലിക ഇന്ത്യയെന്ന് മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പറഞ്ഞു. സർവകലാശാലാ വിദ്യാർത്ഥികൾ ഉൾപ്പെടെ യുവത്വം ഏറ്റെടുത്ത പോരാട്ടങ്ങൾ പ്രതീക്ഷ നൽകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കാക്കനാട്ട് കേരള മീഡിയ അക്കാഡമിയിൽ ടി.വി.ആർ. ഷേണായി ബുക്ക് കോർണറും മാദ്ധ്യമ ദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡോ. സെബാസ്റ്റ്യൻ പോൾ പത്രദിന പ്രഭാഷണം നടത്തി. അക്കാഡമി ചെയർമാൻ ആർ.എസ്. ബാബു അദ്ധ്യക്ഷത വഹിച്ചു. ടി.വി.ആർ ഷേണായിയുടെ ഭാര്യ സരോജ ഷേണായിയെ ചടങ്ങിൽ ആദരിച്ചു.
മുൻ കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസ്, പ്രമുഖ മാദ്ധ്യമ പ്രവർത്തകൻ കെ. ഗോപാലകൃഷ്ണൻ, കേരള പത്രപ്രവർത്തക യൂണിയൻ ജനറൽ സെക്രട്ടറി ഇ.എസ്. സുഭാഷ്, അക്കാഡമി സെക്രട്ടറി ചന്ദ്രഹാസൻ വടുതല , ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്യൂണിക്കേഷൻ ഡയറക്ടർ എം. ശങ്കർ എന്നിവർ സംസാരിച്ചു.