സംസ്ഥാനത്തെ ലഹരിപാനീയങ്ങളിൽ ഏറ്റവും ലഹരി കുറഞ്ഞതാണ് കള്ള്. പക്ഷേ ഏറ്റവുമധികം നിയന്ത്രണങ്ങൾ നേരിടുന്നതും കള്ള്തന്നെ. ബാറുകൾക്കും ബിയർ പാർലറുകൾക്കും വിദേശമദ്യഷാപ്പുകൾക്കും 50 മുതൽ 200 മീറ്റർ വരെ ദൂരപരിധിയുള്ളപ്പോൾ വീര്യം കുറഞ്ഞ കള്ള് വിൽക്കുന്ന ഷാപ്പുകൾക്ക് 400 മീറ്ററാണ് ദൂരപരിധി. പുറമേ എല്ലാ വർഷവും കെട്ടിട ഉടമയുടെ സമ്മതപത്രവും സമർപ്പിക്കണം. ഈ പഴുതിലൂടെ ഭീമമായ വാടകയാണ് ഷാപ്പുകൾക്ക് നൽകേണ്ടി വരുന്നത്.അനാവശ്യവും അപ്രായോഗികവും വിവേചനപരവുമായ നിയന്ത്രണങ്ങളിൽ ഉലയുന്ന കള്ളുവ്യവസായത്തെ രക്ഷിക്കാൻ ആത്മാർത്ഥമായ ഒരു ശ്രമവും ആരും നടത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
സർക്കാർ സംവിധാനങ്ങൾ ഇനിയെങ്കിലും ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ സംസ്ഥാനത്തെ ഏറ്റവും പഴക്കം ചെന്ന തൊഴിലുകളിലൊന്ന് ചരിത്രത്തിലേക്ക് മറയും.
ലോകത്തെ ഏറ്റവും മികച്ച പ്രകൃതിദത്ത ലഘുലഹരിപാനീയമാണ് കള്ള്. ഏറ്റവും ശാസ്ത്രീയമായ രീതിയിൽ അത് ചെത്തിയെടുക്കുന്നതും കേരളത്തിലാണ്. തലമുറകളിലൂടെ ആർജിച്ചെടുത്ത അനുഭവജ്ഞാനത്തിലൂടെയാണ് കള്ള് ചെത്തും വ്യവസായവും വളർന്നത്.
ഒരു കാലത്ത് കേരളത്തിലെ പ്രൗഢമായ വ്യവസായവും തൊഴിൽ മേഖലയുമായിരുന്നു ഇത്. കാലംകടന്നുപോകവേ ചെത്തുകാരും അനുബന്ധതൊഴിലാളികളും ഷാപ്പു നടത്തിപ്പുകാരും ജീവിതമാർഗം നിലനിറുത്താനായി കൈകൂപ്പി നിൽക്കുകയാണ്.
കള്ള് വ്യവസായത്തിന്റെ അധോഗതിക്ക് പിന്നിൽ ഒട്ടേറെ കാരണങ്ങളുണ്ട്. രാഷ്ട്രീയക്കാർക്കും ഷാപ്പുകോൺട്രാക്ടർമാർക്കും തൊഴിലാളിസംഘടനകൾക്കും സർക്കാരിനും എക്സൈസിനുമൊക്കെ ഈ തകർച്ചയിൽ അവരുടേതായ പങ്കുണ്ട്.
മൂക്കുവരെ മുങ്ങി നിൽക്കുന്ന ഈ വ്യവസായത്തെ രക്ഷപ്പെടുത്താൻ ഇനിയും വൈകിയാൽ പെരുവഴിയിലാകുക പതിനായിരക്കണക്കിന് തൊഴിലാളി കുടുംബങ്ങളും ആയിരത്തഞ്ഞൂറിലേറെ ഷാപ്പുലൈസൻസികളുമാണ്. ആ രക്ഷാദൗത്യത്തിന് ഏറ്റവുമധികം സംഭാവന ചെയ്യാനാകുക സംസ്ഥാന സർക്കാരിന് തന്നെയാണ്.
കള്ള് മേഖലയുടെ പ്രതിസന്ധി കണക്കിലെടുത്ത് നിലവിലുളള ഷാപ്പുലൈസൻസ് മൂന്നുവർഷത്തേക്ക് പുതുക്കി കൊടുക്കാനുള്ള സന്മനസ് സർക്കാരിനുണ്ടാകണം
ഷാപ്പുനടത്തിപ്പ് നഷ്ടക്കച്ചവടമായി മാറിയതോടെ രംഗം വിടുന്നവരാണ് ഏറെയും.
പിടിച്ചുനിൽക്കാനുള്ള വൈക്കോൽത്തുരുമ്പ് തേടുകയാണ് അവശേഷിക്കുന്നവർ.
അതിനിടെയാണ് ഒന്നാം തീയതിയിലെ വിദേശ മദ്യവിൽപ്പനവിലക്ക് പിൻവലിക്കാനുള്ള നീക്കം നടക്കുന്നത്. കളള്ഷാപ്പുകളിൽ അൽപ്പമെങ്കിലും കച്ചവടം ഇപ്പോൾ ഒന്നാം തീയതികളിലാണ്. അതും ഇല്ലാതാകുന്നതോടെ ഈ വ്യവസായം വഴിമുട്ടുമെന്നുറപ്പ്.
പ്രതിസന്ധികളുടെ പരമ്പര
• രോഗ ബാധമൂലം ചെത്താൻ തെങ്ങില്ലാതായി.
•പാലക്കാട് നിന്നെത്തുന്ന കള്ളില്ലെങ്കിൽ കണ്ണൂരൊഴികെയുള്ള ഷാപ്പുകൾ പൂട്ടേണ്ടി വരും.
• 400 മീറ്റർ ദൂരപരിധി.
• ഷാപ്പുകൾ മാറ്റി സ്ഥാപിക്കാനാവുന്നില്ല
• ഷാപ്പുകെട്ടിടങ്ങൾക്ക് ഭീമമായ വാടക
• ഒരു നിയന്ത്രണവുമില്ലാതെ തുറക്കുന്ന വിദേശമദ്യ വില്പനശാലകൾ
• പൂട്ടുന്ന ഷാപ്പുകളും ഗ്രൂപ്പുകളും തുറക്കാനാവാത്ത സ്ഥിതി.
• എക്സൈസിന്റെ അമിതമായ ഇടപെടലുകളും അനാവശ്യകേസുകളും.
സർക്കാർ ചെയ്യേണ്ടത്
• ഒന്നാം തിയതികളിലെ വിദേശമദ്യവിൽപ്പന നിരോധനം തുടരുക.
• 400 മീറ്റർ ദൂരപരിധി 100 മീറ്ററായി കുറയ്ക്കുക.
• ലൈസൻസ് പുതുക്കാൻ കെട്ടിട ഉടമകളുടെ സമ്മതപത്രം വേണമെന്ന നിബന്ധന ഒഴിവാക്കുക.
• നിലവിലെ ലൈസൻസുകൾ മൂന്നുവർഷത്തേക്ക് കൂടി പുതുക്കി നൽകുക.
• ഷാപ്പുകളുടെ പ്രവർത്തന സമയം രാവിലെ 7 മുതൽ രാത്രി 8വരെയാക്കുക
• തെങ്ങൊന്നിന് 1.5 ലിറ്റർ കള്ളെന്ന അളവ് 3 ലിറ്ററാക്കുക.
• കള്ളിന്റെ പരമാവധി വീര്യം 10.5 ആയി പുനർനിർണയിക്കുക..
• ട്രീ ടാക്സ് ചട്ടം പരിഷ്കരിക്കുക.
• കള്ളിനെക്കുറിച്ച് വിദേശികളും സ്വദേശികളുമായ വിനോദസഞ്ചാരികളിൽ പ്രചാരണം നടത്തുക.
• മാതൃകാ കള്ളുഷാപ്പുകൾക്ക് ഇളവുകൾ അനുവദിക്കുക.
(ലേഖകന്റെ ഫോൺ:9446719591 )