ആലുവ: പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ പൊലീസ് ക്ളിയറൻസ് സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ആലുവ പൊലീസ് സ്റ്റേഷനിൽ യു.ഡി.എഫ് പ്രതിഷേധം. വെളിയത്തുനാട് കടൂപ്പാടം തൈവേലിക്കകത്ത് ടി.എം. അനസിനാണ് ആലുവ പൊലീസ് പി.സി.സി സർട്ടിഫിക്കറ്റ് നിഷേധിച്ചത്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കരാർ ജോലിക്കായി ചൊവ്വാഴ്ചയാണ് റൂറൽ ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് പൊലീസ് മുമ്പാകെ അനസ് പി.സി.സി സർട്ടിഫിക്കറ്റിന് അപേക്ഷ നൽകിയത്. ആലുവ പൊലീസ് സ്റ്റേഷനിലേക്ക് അപേക്ഷ കൈമാറിയതിനെ തുടർന്ന് അനസ് ഇന്നലെ രാവിലെ എസ്.ഐ സാംസണിനെ കണ്ടു. ഈ സമയത്താണ് പൗരത്വ നിയമത്തിനെതിരായി കോട്ടപ്പുറത്ത് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്ത വിവരം പൊലീസിനോട് വെളിപ്പെടുത്തിയത്. ഇതേത്തുടർന്ന് അപേക്ഷയിൽ പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തയാളാണെന്ന് രേഖപ്പെടുത്തി ആവശ്യം നിരസിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് രാത്രി ഏഴരയോടെ വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ, മുസ്ലീം ലീഗ് മണ്ഡലം സെക്രട്ടറി പി.എ. താഹിർ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി എ.എ. അജ്മൽ, ഷുഹൈബ്, ഫാസിൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ യു.ഡി.എഫുകാർ പൊലീസ് സ്റ്റേഷനിൽ സംഘടിച്ചു. തുടർന്ന് എസ്.പിയുമായി ചർച്ച നടത്തിയതിനത്തുടർന്ന് ഇന്ന് സർട്ടിഫിക്കറ്റ് നൽകാൻ ധാരണയായി.
ആലുവയിൽ മാത്രം 19 കേസുകൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തിന്റെ പേരിൽ ആലുവയിൽ മാത്രം 19 കേസുകൾ രജിസ്റ്റർ ചെയ്തു. കേസെടുക്കില്ലെന്ന് വാഗ്ദാനം നൽകി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയായിരുന്നുവെന്ന് യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കഴിഞ്ഞദിവസം ആലുവയിൽ സംഘപരിവാർ സംഘടനയുടെ പ്രകടനം നടക്കുന്നതിനിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചവരെ മാത്രമാണ് പൊലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. മറ്റൊരു തരത്തിലുമുള്ള കേസില്ലെന്നാണ് സമരരംഗത്തുള്ളവർ കരുതിയിരുന്നത്. ഇന്നലെ പി.സി.സി സർട്ടിഫിക്കറ്റ് നിഷേധിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിനിടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ള വിവരം പുറത്തുവന്നത്.