കൊച്ചി: ബസ് ചാർജ് വർദ്ധനവ് അടക്കമുള്ള കാര്യങ്ങൾ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 4 മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തിവയ്ക്കുമെന്ന് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറം അറിയിച്ചു. ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി ജനുവരി 10ന് വിളിച്ച കൂടിക്കാഴ്ച മാറ്റിവെച്ച സാഹചര്യത്തിൽ മറ്റ് സംഘടനകൾ പ്രഖ്യാപിച്ച ബസ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചാണ് ആൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഫോറവും സർവീസ് നിർത്തിവയ്ക്കാൻ എറണാകുളത്ത് ചേർന്ന സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചത്. പ്രസിഡന്റ് ടി.ജെ. രാജു അദ്ധ്യക്ഷത വഹിച്ചു. ഭാരവാഹികളായ ജോൺസൺ പയ്യപ്പിള്ളി, എം.കെ. സുരേഷ് ബാബു, എം.വി. വത്സലൻ, കെ.സി വിക്ടർ, മോനി മാത്യു എന്നിവർ സംസാരിച്ചു.

സംഘടനയുടെ ആവശ്യങ്ങൾ

 വിദ്യാർത്ഥികളുടേതടക്കം എല്ലാ യാത്രാനിരക്കുകളും വർദ്ധിപ്പിക്കുക

 വാഹന നികുതിയിൽ ഇളവ് അനുവദിക്കുക

 കനത്ത ഫീസും ഫൈനും കുറയ്ക്കുക

 വ്യവസായ സംരംഭകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് പബ്ളിക് ട്രാൻസ്പോർട്ടിനെ എം.എസ്.എം.ഇയിൽ ഉൾപ്പെടുത്തുക

 ഓരോ വർഷവും ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി വ്യവസായത്തെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനും അത് സർക്കാർ നടപ്പിലാക്കുന്നതിനും നടപടി സ്വീകരിക്കുക