കൊച്ചി: 'ഞാനിപ്പോൾ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാൻ നഗരത്തിലാണ്. ഇവിടെ ഒരാൾക്കും മുറിക്ക് പുറത്തിറങ്ങാൻ അനുവാദമില്ല. താമസിക്കുന്ന കെട്ടിടത്തിന് ചുറ്റുമുള്ള നാല് ഗേറ്റും പൂട്ടിയിട്ടിരിക്കുകയാണ്. പുറത്ത് ഒരാളെപ്പോലും കാണുന്നില്ല. ഏതാണ്ട് പ്രേതനഗരം പോലെയാണ് വുഹാൻ. രണ്ടാഴ്ചയായി ഇതാണ് അവസ്ഥ. തത്കാലം പിടിച്ചുനിൽക്കുന്നുണ്ട്. ഇതുവരെ കുഴപ്പമൊന്നുമില്ല. നാളെ എന്താവുമെന്ന് പറയാനാവില്ല. വൈറസല്ലേ. അങ്ങനെയാണ് കാര്യങ്ങൾ.'
വുഹാൻ നഗരത്തിലുള്ള മലയാളി മെഡിക്കൽ വിദ്യാർത്ഥി നാട്ടിലെ ബന്ധുക്കൾക്ക് അയച്ച വാട്ട്സ് ആപ്പ് സന്ദേശമാണിത്.
''വുഹാൻ നഗരത്തിൽ നിന്ന് ആർക്കും പുറത്തേക്ക് പോകാനോ പുറത്തു നിന്നുള്ളവർക്ക് അകത്തേക്ക് വരാനോ പറ്റാത്ത സ്ഥിതിയാണ്. വൈറസിനെ അതിജീവിച്ചാൽ മാത്രമേ പുറംലോകം കാണാനാവൂ. അല്ലാത്തവർ ഇവിടെ കിടന്ന് മരിക്കും. മൃതദേഹം ഏറ്റെടുക്കാൻ പോലും ആരും ഇല്ല. മുറിയിലെ വസ്തുക്കളിൽ തൊടാൻ പേടിയാണ്. എങ്കിലും വൈറസിനെ അതിജീവിക്കാമെന്ന ശുഭാപ്തി വിശ്വാസമുണ്ട്. വുഹാനിലെ നിരവധി വിദ്യാർത്ഥികൾ എറണാകുളത്തും മറ്റു നഗരങ്ങളിലും എത്തിയിട്ടുണ്ട്. നാട്ടിലും വൈറസ് ബാധിക്കാനുള്ള സാദ്ധ്യത ഏറെയാണ്. മൃഗങ്ങൾക്ക് വൈറസ് പെട്ടെന്ന് പകരാം. വളർത്തു മൃഗങ്ങളിൽ നിന്നടക്കം അകലം പാലിക്കണം. വ്യക്തിശുചിത്വം പാലിക്കണം. എനിക്ക് വേണ്ടി പ്രാർത്ഥിക്കണം...'' - വിദ്യാർത്ഥി പറയുന്നു.
സുരക്ഷാ ആശങ്കയുള്ളതിനാൽ ഈ വിദ്യാർത്ഥിയുടെ വിവരങ്ങൾ വെളിപ്പെടുത്തരുതെന്ന് ബന്ധുക്കൾ അഭ്യർത്ഥിച്ചു.
കേരളത്തിലും വൈറസ്ബാധ സ്ഥിരീകരിച്ചതോടെ ചൈനയിലുള്ള മലയാളി വിദ്യാർത്ഥികളുടെ വീട്ടുകാർ കടുത്ത ആശങ്കയിലാണ്. അവിടെ കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളും ഭീതിയിലാണ്.
ഭക്ഷണം പോലുമില്ലാതെ
വുഹാൻ നഗരത്തിലും ചൈനയിലെ മറ്റ് വൈറസ് ബാധിത പ്രദേശങ്ങളിലും നിരവധി മലയാളി വിദ്യാർത്ഥികളാണ് ഒറ്റപ്പെട്ട് കഴിയുന്നത്. ശേഖരിച്ചു വച്ചിരുന്ന ഭക്ഷണം തീർന്നുവെന്നും ആരും തിരിഞ്ഞുനോക്കുന്നില്ലെന്നും ചിലർ സോഷ്യൽ മീഡിയയിൽ പറഞ്ഞിരുന്നു. തങ്ങളെ നാട്ടിലെത്തിക്കണമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു.