കോലഞ്ചേരി: നേന്ത്ര കായ വില ഇടിഞ്ഞു. കർഷകരുടെ ഉള്ളിൽ തീ. ചില്ലറ വില 30-35 ലേയ്ക്കാണ് ഇടിഞ്ഞത്. കർണാടകയിലെ ഉൽപാദന വർദ്ധനയും കേരളത്തിൽ ആവശ്യക്കാർ കുറഞ്ഞതുമാണ് വിലയിടിവിനു കാരണം. കഴിഞ്ഞ പ്രളയത്തിൽ വാഴ കൃഷി പൂർണ്ണമായും നശിച്ച കർഷകർ വായ്പയെടുത്തും, സ്വർണ്ണം പണയം വച്ചുമൊക്കെയാണ് വീണ്ടും കൃഷിയിറക്കിയത്.വില ഇടിഞ്ഞതോടെ മുടക്ക് മുതൽ പോലും കിട്ടില്ലെന്ന മട്ടായി. കേരള വിപണി ലക്ഷ്യമിട്ട് മലയാളികൾ കർണാടകയിൽ സ്ഥലം പാട്ടത്തിനെടുത്ത് വലിയ തോതിൽ നേന്ത്റവാഴ കൃഷി ചെയ്യുന്നുണ്ട്. കർണാടകയിൽ ഇഞ്ചി കൃഷി നടത്തിയ പലരുമിപ്പോൾ വാഴകൃഷിയിലേക്കു തിരിഞ്ഞിരിക്കുകയാണ്. ഇഞ്ചിക്കൃഷിയെ അപേക്ഷിച്ച് വാഴക്കൃഷിക്ക് ചെലവ് കുറഞ്ഞതും ഇതിന് കാരണമായി. ഒരേക്കർ ഇഞ്ചി കൃഷി ചെയ്യാനുള്ള മുടക്കുമുതലിൽ 5 ഏക്കർ വാഴക്കൃഷി ചെയ്യാൻ കഴിയും. കർണാടകയിലെ ശിവമൊഗ, എൻ.ആർ പുര, ഹുബ്ലി, ഹുൻസൂർ, അന്തർസന്ത, ഹാൻഡ് പോസ്റ്റ്, എച്ച്.ഡി കോട്ട എന്നിവിടങ്ങളിലും തമിഴ്‌നാട് മേട്ടുപാളയം, തൃശിനാപ്പള്ളി, തക്കല എന്നിവിടങ്ങളിലുമാണ് പ്രധാനമായും വാഴക്കൃഷിയുള്ളത്. ഇവിടങ്ങളിൽ നിന്നും കുലകൾ കേരള വിപണി ലക്ഷ്യമിട്ട് എത്തുന്നതോടെ നാടൻ കായയ്ക്ക് ആവശ്യക്കാരില്ലാതായി.