മൂവാറ്റുപുഴ: ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടേയും കൊച്ചി ചൈൽഡ് ലൈനിന്റെയും നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ ഓപ്പൺ ഹൗസ് പ്രോഗ്രാം നടത്തി. പൊലീസ്, എക്സൈസ്, ആരോഗ്യം, മോട്ടോർ വെഹിക്കിൾ, വിദ്യാഭ്യാസം തുടങ്ങി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ചൈൽഡ് ലൈൻ കുട്ടികൾക്ക് നൽകുന്ന വിവിധ സേവനങ്ങളെക്കുറിച്ചും 1098 എന്ന ടോൾ ഫ്രീ നമ്പർ ഉപയോഗപ്പെടുത്തുന്നതിനുള്ള മാർഗ നിർദ്ദേശങ്ങളെകുറിച്ചും ചൈൽഡ് ലൈൻ ജില്ലാ കോഓർഡിനേറ്റർ ജിതിൻ സേവ്യർ ക്ലാസെടുത്തു.
ഇന്ററാക്ടീവ് സെഷനിൽ വിവിധ സ്കൂളിലെ കുട്ടികളും അദ്ധ്യാപകരും പങ്കെടുത്തു. മാലിന്യ സംസ്കരണം . കുട്ടികൾക്കിടയിലെ മയക്കുമരുന്നുപയോഗം, കുട്ടികൾക്ക് നേരെയുള്ള ലൈംഗികാതിക്രമം ,സ്കൂൾ ഉച്ചഭക്ഷണത്തിൽ നിയന്ത്രിതമല്ലാത്ത അളവിൽ ഉപ്പ് ഉപയോഗിക്കുന്നതു മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ കുട്ടികളുടെ സംശയങ്ങൾക്ക് ഉദ്യോഗസ്ഥർ പരിഹാരം നിർദേശിച്ചു. സുമി കെ.മാത്യു , സുബിൻ കെ.എസ് എന്നിവർ ഇന്ററാക്ടീവ് സെഷന് നേതൃത്വം നൽകി.
നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന പ്രോഗ്രാം ചെയർപേഴ്സൺ ഉഷാ ശശിധരൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയംഗം അഡ്വ.എം.എസ്.അജിത്ത് അദ്ധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ എസ്.ഐ ഷെമീർ. എം.എ. ,വെഹിക്കിൾ ഇൻസ്പെക്ടർ സി.കെ. എബ്രഹാം , എക്സൈസ് ഇൻസ്പെക്ടർ സതീഷ് ടി.കെ.,ജനറൽ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.ഷഹബാസ് ,എ.ഇ.ഒ.വിജയ , ഐ.സി.ഡി.എസ് പ്രതിനിധി പ്രീത ബിന്ദു തുടങ്ങിയവർ പ്രസംഗിച്ചു. ചൈൽഡ് ലൈൻ ടീം മെമ്പർ സുമി.കെ.മാത്യു സ്വാഗതവും, കുട്ടികളുടെ പ്രതിനിധി അർഷാദ് ബഷീർ നന്ദിയും പറഞ്ഞു