കാലടി: കാലടി എസ്. മുരളീധരൻ തൃശൂർ നിയമ കലാലയത്തിലെ ലൈബ്രേറിയൻ സ്ഥാനത്തുനിന്ന് ഇന്ന് വിരമിക്കും. ആലപ്പുഴ, വെൺമണി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് മൊകേരി ഗവ.കോളേജ്, കോതമംഗലം പോളിടെക്നിക്, കുറുപ്പംപടി ജില്ലാ വിദ്യാഭ്യാസ പരിശിലന കേന്ദ്രം, പയ്യന്നൂർ വനിതാ റസിഡൻഷ്യൽ പോളിടെക്നിക് തുടങ്ങിയ സർക്കാർ സ്ഥാപനങ്ങളിൽ ലൈബ്രേറിയനായി പ്രവർത്തിച്ചു. മദ്രാസ് ടെക്നിക്കൽ ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്, കൊൽക്കത്ത രാജാറാം മോഹൻറോയ് ഫൗണ്ടേഷൻ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഗ്രന്ഥാലയ ശാസ്ത്രത്തിലും ആധുനിക സാങ്കേതിക വിദ്യയിലും ഹ്രസ്വകാല ഉപരിപഠനങ്ങളും നടത്തി.
13-ാമത്തെ വയസിൽ കാലടി എസ് എൻ.ഡി.പി ലൈബ്രറിയിൽ ലൈബ്രേറിയനായിട്ടായിരുന്നു തുടക്കം. തുടർന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മലയാള ഐക്യവേദി, പുരോഗമന കലാസാഹിത്യസംഘം, അങ്കമാലി വി.ടി. സ്മാരക ട്രസ്റ്റ്, എന്നീ സാംസ്കാരിക പ്രസ്ഥാനങ്ങളുടെ സജീവ പ്രവർത്തകനായിരുന്നു. 600 ആഴ്ചകൾ പിന്നിട്ട എസ്.എൻ.ഡി.പി. ലൈബ്രറിയിലെ പ്രതിവാര കൂട്ടായ്മയായ ബുധസംഗംത്തിന്റെ മുഖ്യസംഘാടകനും സെക്രട്ടറിയുമായി പ്രവർത്തിക്കുന്നു. കാലടി ഗ്രാമപഞ്ചായത്ത് ലൈബ്രേറിയൻ രാധാ മുരളിയാണ് ഭാര്യ. ആർട്ടിസ്റ്റ് അമ്പാടിക്കണ്ണൻ, ആരോമലുണ്ണി എന്നിവരാണ് മക്കൾ.