പറവൂർ : ശ്രീനാരായണഗുരുദേവൻ പ്രതിഷ്ഠ നടത്തിയ വടക്കേക്കര എച്ച്.എം.ഡി.പി സഭ മൂത്തകുന്നം ശ്രീനാരായണമംഗലം ക്ഷേത്രത്തിൽ മഹോത്സവത്തിന് ഫെബ്രുവരി മൂന്നിന് കൊടികയറി പതിനൊന്നിന് ആറാട്ട് മഹോത്സവത്തോടെ സമാപിക്കും. രണ്ടിന് രാവിലെ എട്ടിന് വിശേഷാൽപൂജയും ഗണപതിയിങ്കൽ കലശാഭിഷേകത്തോടെയും മഹോത്സവ ചടങ്ങുകൾ തുടങ്ങും. മൂന്നിന് രാത്രി 9.30ന് മേൽശാന്തി ഇ.എസ്. ശ്രീജിത്തിന്റെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറും.
ഉത്സവദിനങ്ങളിൽ രാവിലെ ഒമ്പതിനും രാത്രി പത്തിനും എഴുന്നള്ളിപ്പ്, വിശേഷാൽപൂജ എന്നിവ നടക്കും. 4ന് വൈകിട്ട് ഏഴിന് കഥാപ്രസംഗം - രമണൻ, 5ന് വൈകിട്ട് ഏഴിന് നാടകം - അമ്മ, 6ന് രാത്രി പത്തിന് കഥകളി - രുക്മിണീസ്വയംവരം. 7ന് രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, രാത്രി പത്തിന് കഥകളി - സുഭദ്രാഹരണം. തൈപ്പൂയ മഹോത്സവദിനമായ 8ന് രാവിലെ പത്തിന് അഞ്ച് കാവടിസംഘങ്ങളുടെ നേതൃത്വത്തിൽ കാവടിയാട്ടം, ഉച്ചയ്ക്ക് പന്ത്രണ്ടിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, വൈകിട്ട് ഏഴിന് പാട്ടുകച്ചേരി, രാത്രി ഒമ്പതിന് ഭസ്മക്കാവടിയാട്ടം. 9ന് രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, വൈകിട്ട് ഏഴിന് എസ്.എൻ.എം ഫിയസ്റ്റ.
മഹോത്സവദിനമായ 10ന് രാവിലെ എട്ടിന് ശ്രീബലി എഴുന്നള്ളിപ്പ്, രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വർണക്കാഴ്ചകൾ, എട്ടരയ്ക്ക് നാദസ്വരക്കച്ചേരി, പുലർച്ചെ ഒന്നിന് പള്ളിവേട്ടയും വിളക്കിനെഴുന്നള്ളിപ്പും. ആറാട്ട് മഹോത്സവദിനമായ 11ന് രാവിലെ എട്ടിന് ശ്രീബലി, രാവിലെ പതിനൊന്നിനും വൈകിട്ട് മൂന്നിനും ഓട്ടൻതുള്ളൽ, നാലിന് കാഴ്ചശ്രീബലി, രാത്രി എട്ടിന് വർണക്കാഴ്ചകൾ, എട്ടരയ്ക്ക് നാദസ്വരക്കച്ചേരി, പുലർച്ചെ രണ്ടിന് ആറാട്ടും വിളക്കിനെഴുന്നള്ളിപ്പിനും ശേഷം കൊടിയിറങ്ങും.
# പ്രതിഷ്ഠാദിനം ഇന്ന്
ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ഇന്ന് നടക്കും. ക്ഷേത്രത്തിൽ 117 വർഷം മുമ്പാണ് ശ്രീനാരായണ ഗുരുദേവൻ ശങ്കരനാരായണ പ്രതിഷ്ഠ നടത്തിയത്. പുലർച്ചെ വിശേഷാൽ ഗണപതിഹോമം, ആറരയ്ക്ക് ഗുരുപൂജ, പത്തിന് കലശാഭിഷേകം, നാരായണിയം വായന, പതിനൊന്നിന് ആയിരങ്ങൾ പങ്കെടുക്കുന്ന അമൃതഭോജനം, വൈകിട്ട് അഞ്ചരയ്ക്ക് സർവൈശ്വര്യപൂജ, ആറരയ്ക്ക് ദീപാരാധന, നിറമാല, ദീപക്കാഴ്ച, രാത്രി എട്ടരയ്ക്ക് മംഗളപൂജ.