#തള്ളിയ സ്ഥലം പൊലീസ് കഴുകി വൃത്തിയാക്കിച്ചു
കിഴക്കമ്പലം: കക്കൂസ് മാലിന്യം തള്ളിയവരെ പിടികൂടി, തള്ളിയ സ്ഥലം അവരെ കൊണ്ട് തന്നെ പൊലീസ് കഴുകി വൃത്തിയാക്കിച്ചു. കിഴക്കമ്പലം ശ്രീജേഷ് റോഡിലെ തോട്ടിലേയ്ക്ക് ഇന്നലെ പുലർച്ചെ കക്കൂസ് മാലിന്യം തള്ളിയവരെയാണ് കുന്നത്തുനാട് പൊലീസിന്റെ പട്രോളിംഗ് ടീമിന്റെ സമയോചിതമായ ഇടപെടലിലൂടെ പിടികൂടിയത്.
വാഴക്കാല സ്വദേശി റാസിൻ (27) പള്ളുരുത്തി സ്വദേശി ഷെഫീക് (23) എന്നിവരാണ് മിനി ലോറിയുമായി മാലിന്യം തള്ളാനെത്തിയത്. പുലർച്ചെ മൂന്ന് മണിയോടെ ലോറിയുടെ ടാങ്കിൽ നിന്നും മാലിന്യം ഒഴുക്കി കളയുന്ന പൈപ്പിൽ നിന്ന് മാലിന്യം റോഡിലേയ്ക്ക് വീഴുന്നത് ശ്രദ്ധയിൽ പെട്ട് ചോദ്യം ചെയ്തപ്പോൾ വാൽവിന്റെ കുഴപ്പമാണെന്ന് പറഞ്ഞ് തടിയൂരി. മിനിറ്റുകൾക്കകം മേഖലയിൽ രൂക്ഷമായ ദുർഗന്ധം പടർന്നതോടെ പൊലീസ് നടത്തിയ പരിശോധനയിൽ റോഡിൽ മാലിന്യം തള്ളിയത് കണ്ടെത്തി. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. വാഹന ഉടമയെ വിളിച്ചു വരുത്തി മാലിന്യം തള്ളിയ സ്ഥലം പൊലീസ് കഴുകി വൃത്തിയാക്കിച്ചു. എ.എസ്.ഐ ഏലിയാസ്, ഹോം ഗാർഡ് ജോയ്, സിവിൽ പൊലീസ് ഓഫീസർ ബേസിൽ മാത്യു എന്നിവരാണ് പട്രോളിംഗ് സംഘത്തിലുണ്ടായത്.