കൊച്ചി : ഉദയംപേരൂരിലെ നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെക്കുറിച്ച് അഡിഷണൽ ജില്ലാ മജിസ്ട്രേട്ട് (എ.ഡി.എം) അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു. വെടിക്കെട്ട് നടത്തിപ്പിന് ആരൊക്കെയായിരുന്നു ഉത്തരവാദികളെന്ന് കൃത്യമായി വ്യക്തമാക്കണമെന്നും ഏതെങ്കിലും ഒരാളുടെ പേരു മാത്രമായി ചുരുക്കരുതെന്നും സിംഗിൾബെഞ്ച് വാക്കാൽ നിർദ്ദേശിച്ചു. നടക്കാവ് ഭഗവതി ക്ഷേത്രത്തിൽ കഴിഞ്ഞദിവസം രാത്രിയാണ് വെടിക്കെട്ട് അപകടത്തെത്തുടർന്ന് 17 പേർക്ക് പരിക്കേറ്റത്. ക്ഷേത്രത്തിൽ വെടിക്കെട്ടു നടത്താൻ നൽകിയ അപേക്ഷ കളക്ടർ നിരസിച്ചതിനെതിരെ ക്ഷേത്രകമ്മിറ്റി സെക്രട്ടറി എൻ.കെ. ഉണ്ണിക്കൃഷ്‌ണൻ നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. കർശന നിബന്ധനകളോടെ വെടിക്കെട്ട് നടത്തുന്നതിനായി അപേക്ഷ പരിഗണിക്കാൻ ഹർജിയിൽ ഹൈക്കോടതി കളക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വെടിക്കെട്ട് അപകടത്തെത്തുടർന്ന് സിംഗിൾബെഞ്ച് ഹർജി ഇന്നലെ വീണ്ടും പരിഗണിച്ചു.
കർശന വ്യവസ്ഥകൾ അനുസരിച്ചാണ് വെടിക്കെട്ട് നടത്തിയതെന്നും അനുവദനീയമായ വെടിക്കോപ്പുകളാണ് ഇതിനുപയോഗിച്ചതെന്നും ഹർജിക്കാരനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാൽ വെടിക്കെട്ട് നടത്തുന്നതിനായി തുറസായ സ്ഥലം ബാരിക്കേഡ് കെട്ടി തിരിച്ചിരുന്നോയെന്നും വെടിക്കെട്ടുപുരയുടെ സ്ഥിതി എന്തായിരുന്നെന്നും സിംഗിൾബെഞ്ച് വാക്കാൽ ചോദിച്ചു. താത്കാലിക വെടിക്കെട്ടു പുരയാണ് ഉണ്ടായിരുന്നതെന്ന് സർക്കാർ അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് എ.ഡി.എമ്മിനോടു റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചത്. ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.
നാലു പേർ അറസ്റ്റിൽ
വെടിക്കെട്ട് അപകടത്തെ തുടർന്ന് നടക്കാവ് ദേവസ്വം സെക്രട്ടറി എൻ.കെ. ഉണ്ണികൃഷ്ണൻ(68), കമ്മിറ്റി അംഗം ദിവാകരൻ (63), കിഴക്കുംഭാഗം കരയോഗം പ്രസിഡന്റ് ഇ.കെ. രാജേഷ്(52), കിഴക്കുംഭാഗം കരയോഗം സെക്രട്ടറി സുനിൽ രാജപ്പൻ(36) എന്നിവരെഉദയംപേരൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തൃപ്പൂണിത്തുറ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. വെടിക്കെട്ടിന്റെ കരാറുകാരായ വടക്കൻ പറവൂർ പട്ടണം സ്വദേശി ബൈജു, സ്റ്റിബിൻ സ്റ്റീഫൻ എന്നിവരടക്കം ആറുപേരെ കേസിൽ ഇതുവരെ തിരിച്ചറിഞ്ഞതായി ഉദയംപേരൂർ എസ്.ഐ പറഞ്ഞു.
കരാറുകാർക്കായി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ഹൈക്കോടതി ഉത്തരവിന്റെ ലംഘനം, സ്ഫോടക വസ്തുക്കൾ അലക്ഷ്യമായി കൈകാര്യം ചെയ്യൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.
ബുധനാഴ്ച രാത്രി നടന്ന വെടിക്കെട്ടിനിടെയാണ് അപകടം . കാഴ്ചക്കാർക്കിടയിലേയ്ക്ക് ഡൈനാമിറ്റ് പൊട്ടിത്തെറിച്ചു വീഴുകയായിരുന്നു. പരിക്കേറ്റ 17 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.