1
കേന്ദ്ര പദ്ധതിയുടെ ഭാഗമായി കേരളത്തിൽ സന്ദർശനത്തിന് എത്തിയ ഹിമാചൽപ്രദേശിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും രാജഗിരി എൻജിനീയറിംഗ് കോളേജിൽ

തൃക്കാക്കര: ഹിമാചൽ പ്രദേശിലെ ധർമ്മശാല എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ കേരളാ സന്ദർശനത്തിനായി കാക്കനാട് രാജഗിരി എൻജിനീയറിംഗ് കോളേജിൽ എത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ (എം.എച്ച്.ആർ.ഡി) 'എക് ഭാരത്, ശ്രേഷ്ട് ഭാരത്' എന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിന്റെ പൈതൃകവും പാരമ്പര്യവും അടുത്തറിയുക എന്ന ലക്ഷ്യത്തോടെയാണ് 50 വിദ്യാർത്ഥികളും അഞ്ച് അദ്ധ്യാപകരും കൊച്ചിയിലെത്തിയത്. അഞ്ച് ദിവസത്തെ സന്ദർശനത്തിനായാണ് സംഘം കേരളത്തിലെത്തിയത്. കേരളത്തിന്റെ ഭാഷ, വസ്ത്രധാരണം, കല, ചരിത്രം തുടങ്ങിയ നിരവധി വിഷയങ്ങളെ വിദ്യാർത്ഥികൾക്ക് അടുത്തറിയുന്നതിനുള്ള വിപുലമായ പരിപാടികളാണ് രാജഗിരി കോളേജിന്റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി രാജഗിരി എൻജിനീയറിംഗ് കോളേജിലെ വിദ്യാർത്ഥികൾ ധർമ്മശാല എൻജിനീയറിംഗ് കോളേജിൽ മാർച്ച് മാസത്തിൽ മറുപടി സന്ദർശനം നടത്തും. വിവരങ്ങൾക്ക് : 9747008895, 9895036001