congress
കോൺഗ്രസ് ആലുവ ബ്ളോക്ക് കമ്മിറ്റി ഗാന്ധി രക്തസാക്ഷി ദിനാചരണത്തോടനുബന്ധിച്ച് നടന്ന ചടങ്ങ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കോൺഗ്രസ് തനിച്ച് ഭരിക്കുന്ന ആലുവ നഗരസഭയിൽ ത്രിതല തിരഞ്ഞെടുപ്പിന്റെ പടിവാതിൽക്കലെത്തിയിട്ടും ഭരണപക്ഷത്തെ ഗ്രൂപ്പ് പോരിന്റെ തീവ്രത കുറയുന്നില്ല. എ ഗ്രൂപ്പിലെ ചിലർക്ക് ഗ്രൂപ്പ് ഇല്ലാതെ നിലനിൽക്കാനാകില്ലെന്ന അവസ്ഥയാണ്. ഇത്തരക്കാരുടെ പ്രേരണയ്ക്ക് പലരും വഴങ്ങുകയാണെന്നാണ് ആക്ഷേപം.

നഗരസഭ വക ബസ്‌സ്റ്റാൻഡ്, പാർക്ക്, നഗരത്തിലെ ബസ് ഷെൽട്ടറുകൾ തുടങ്ങിയവ സ്വകാര്യ സ്ഥാപനത്തിന് പാട്ടത്തിന് നൽകാൻ രഹസ്യനീക്കം നടന്നപ്പോൾ വിഷയം പാർലമെന്ററി പാർട്ടിയിൽപോലും ചർച്ച ചെയ്യിക്കാൻ എ ഗ്രൂപ്പ് നേതാവ് അനുവദിച്ചിരുന്നില്ല. എന്ത് പാർട്ടി, എന്ത് ഭരണം എന്ന നിലയിലാണ് കാര്യങ്ങളെന്ന് ഗ്രൂപ്പ് വ്യത്യാസമില്ലാതെ പല കൗൺസിലർമാരും പറയുന്നു. ഇവിടെ പാർട്ടിയെയല്ല ശക്തിപ്പെടുത്തുന്നത്, ഗ്രൂപ്പിനെയാണെന്ന് സാധാരണ പ്രവർത്തകരും പറയുന്നു.

# പാർട്ടി ലെവി വെട്ടി എ ഗ്രൂപ്പ്

ഇതിന്റെ തുടർച്ചയായി നഗരസഭയിലെ എ ഗ്രൂപ്പ് കൗൺസിലർമാർ പാർട്ടി ലെവി നൽകേണ്ടതില്ലെന്ന് തീരുമാനിച്ചു. പ്രതിമാസം 100 രൂപയും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാർ മുതൽ നഗരസഭാ ചെയർമാന്മാർ വരെയുള്ളവർ 500 രൂപയും ലെവി നൽകണമെന്നാണ് കെ.പി.സി.സി നിർദ്ദേശം. എ ഗ്രൂപ്പ് തീരുമാനപ്രകാരം നഗരസഭ ചെയർപേഴ്സനും വൈസ് ചെയർപേഴ്സനും ഉൾപ്പെടെ ആറുപേർ ലെവി നൽകിയില്ല. വിലക്ക് ലംഘിച്ച് എ ഗ്രൂപ്പുകാരായ പി.എം. മൂസാക്കുട്ടി, ലളിത ഗണേഷ്, ടെൻസി വർഗീസ് എന്നിവർ നൽകിയതും ഗ്രൂപ്പ് മാനേജർമാർക്ക് ഇഷ്ടപ്പെട്ടില്ല.

# രക്തസാക്ഷിത്വ ദിനാചരണം ചേരിതിരിഞ്ഞ്

ഇന്നലെ നടന്ന ഗാന്ധിജി രക്തസാക്ഷിത്വ ദിനാചരണവും ചേരിതിരിഞ്ഞായിരുന്നു. രാവിലെ എട്ടിന് ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റി ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയപ്പോൾ എ ഗ്രൂപ്പ് നേതാക്കൾ ഇതേ ഗാന്ധിപ്രതിമയിൽ 8.30ന് മറ്റൊരു പുഷ്പാർച്ചന നടത്തി. ചേരിതിരിഞ്ഞ് പരിപാടി സംഘടിപ്പിക്കുന്നതിനെതിരെ ഐ ഗ്രൂപ്പുകാരനായ ഡി.സി.സി ജനറൽ സെക്രട്ടറി പരസ്യമായി പൊട്ടിത്തെറിച്ചു.

എ ഗ്രൂപ്പ് നേതാക്കൾ കാഴ്ചക്കാരായി

കോൺഗ്രസ് ബ്‌ളോക്ക് കമ്മിറ്റിയുടെ രക്തസാക്ഷിത്വ ദിനാചരണ പരിപാടികൾ നടക്കുന്നതിനിടെ സ്ഥലത്തെത്തിയ എ ഗ്രൂപ്പ് നേതാക്കൾ കാഴ്ചക്കാരായി മാറിനിന്നു. ഗാന്ധിസ്‌ക്വയറിലാണ് എ ഗ്രൂപ്പ് നേതാക്കൾ ഗാന്ധിജിയെപ്പോലും മറന്ന് ഗ്രൂപ്പ് ഗ്രൂപ്പ് തീവ്രത വ്യക്തമാക്കിയത്. യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.ഒ. ജോൺ, നഗരസഭ ചെയർപേഴ്‌സൺ ലിസി എബ്രഹാം, വൈസ് ചെയർപേഴ്‌സൺ സി. ഓമന, മുൻ ചെയർമാൻ എം.ടി. ജേക്കബ് എന്നിവർ ഉൾപ്പെടെയുള്ളവരാണ് ഗാന്ധിപ്രതിമയിൽ നിന്നും 50 മീറ്റർ മാറി പോസ്റ്റോഫീസിന് സമീപം കാഴ്ചക്കാരായത്. ബ്‌ളോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പരിപാടിക്ക് ശേഷം ഇവരെത്തി ടൗൺ മണ്ഡലം കമ്മിറ്റിയുടെ ബാനറിൽ പുഷ്പാർച്ചന നടത്തി മടങ്ങി.