കൊച്ചി : ജില്ലയിൽ ടാങ്കർ ലോറികൾ വഴി വിതരണം ചെയ്യുന്ന കുടിവെള്ളം വാട്ടർ അതോറിറ്റി നൽകുന്നതാകണമെന്ന ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശത്തിനെതിരെ കാക്കനാട് ഹാപ്പി ഇൻഡസ്ട്രീസ് പ്രൊപ്രൈറ്റർ എ.സി. ഹരിദാസ് നൽകിയ ഹർജിയിൽ നേരത്തെ നൽകിയ നിവേദനം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി കളക്ടർക്ക് നിർദ്ദേശം നൽകി. വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച് ശുദ്ധീകരിച്ച കുടിവെള്ളമാണ് ടാങ്കറുകൾ വഴി വിതരണം ചെയ്തിരുന്നത്. വാട്ടർ അതോറിറ്റി നൽകുന്ന വെള്ളം മാത്രമേ ഇത്തരത്തിൽ വിതരണം ചെയ്യാവൂ എന്ന ജില്ലാ ഭരണകൂടത്തിന്റെ പുതിയ നിർദ്ദേശം പ്രായോഗികമല്ല. ഹർജിയിൽ പറയുന്നു. ദിനംപ്രതി 20 - 25 ലോഡ് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. ടി.സി.എസ് ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്ക് വെള്ളം നൽകുന്നുണ്ട്. ഒരു പരാതിയും ഉണ്ടായിട്ടില്ല. എന്നിട്ടും ജനുവരി മുതൽ വാട്ടർ അതോറിറ്റിയുടെ ഹൈഡ്രന്റുകളിൽ നിന്ന് വെള്ളമെടുത്താൽ മതിയെന്നാണ് നിർദ്ദേശമെന്ന് ഹർജിയിൽ പറയുന്നു. വാട്ടർ അതോറിറ്റിയുടെ നെട്ടൂരിലെ ഹൈഡ്രന്റിൽ നിന്ന് ഒരു ദിവസം പരമാവധി ലഭിക്കുന്നത് നാലു ലോഡ് മാത്രമാണെന്നും ഇതു മതിയാവില്ലെന്നും ഹർജിയിൽ പറയുന്നു. ഇക്കാര്യം വ്യക്തമാക്കി ജനുവരി മൂന്നിന് കളക്ടർക്ക് നിവേദനം നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. തുടർന്നാണ് നിവേദനം പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഹർജി രണ്ടാഴ്ച കഴിഞ്ഞു വീണ്ടും പരിഗണിക്കും.