നെടുമ്പാശേരി: നെടുമ്പാശേരി കെ. കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എട്ടാമത് കെ. കരുണാകരൻ മെമ്മോറിയൽ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഫെബ്രുവരി രണ്ടുമുതൽ ഒമ്പതുവരെ അത്താണി എം.എ.എച്ച്.എസ് മൈതാനിയിൽ നടക്കുമെന്ന് ടൂർണമെന്റ് കമ്മിറ്റി ചെയർമാൻ പി.വൈ. വർഗീസ്, കൺവീനർ പി.കെ. സുരേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

എഫ്.സി മുംബയ്, മലപ്പുറം ചീരാഗ്, കോഴിക്കോട് അൽഷാബ് ഇന്ത്യൻസ്, തൃശൂർ ബി.ബി.സി, കൊച്ചി ട്രീം ട്രാവത്സ്, ബോയ്സ് പെരുമ്പാവൂർ, കളമശേരി യൂണിവേഴ്സൽ, കോഴിക്കോട് റോയൽ, കോട്ടയം പൾസ് എന്നീ ടീമുകൾ പങ്കെടുക്കും. ടൂർണമെന്റിൽ നിന്ന് മിച്ചമായി ലഭിക്കുന്ന പണം സേവന പ്രവർത്തനങ്ങൾക്കാണ് ഉപയോഗപ്പെടുത്തുന്നത്. 3000 പേർക്ക് ഇരിക്കാവുന്ന താത്കാലിക ഗാലറിയും 1000 കസേരകളും കാണികൾക്കായി ഒരുക്കും. തിരക്ക് നിയന്ത്രിക്കുന്നതിനായി സൗജന്യ നിരക്കിൽ ടിക്കറ്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

രണ്ടിന് രാത്രി 7.30ന് സിനിമാതാരം ബാബുരാജ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനി, എം.എ. ചന്ദ്രശേഖരൻ എന്നിവർ മുഖ്യാതിഥികളായിരിക്കും. ഒമ്പതിന് രാത്രി എട്ടിന് ചാമ്പ്യന്മാർക്ക് ബെന്നി ബെഹനാൻ എം.പി ട്രോഫികൾ സമ്മാനിക്കും.

ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോമി, പി.വൈ. എൽദോ, സി.ആർ. ബിജു, ജിസ് തോമസ്, പി.വി. ശാമ്യു എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.