dileep

കൊച്ചി : നടിയെ ആക്രമിച്ച് അശ്ളീലദൃശ്യം പകർത്തിയ കേസിൽ എറണാകുളം സി.ബി.ഐ കോടതിയിൽ സാക്ഷിവിസ്താരം തുടങ്ങി. മുഖ്യസാക്ഷിയും ഇരയുമായ നടിയെ വിസ്തരിക്കുന്ന നടപടികളാണ് തുടങ്ങിയത്. ദിലീപ് ഉൾപ്പെടെ പത്തുപ്രതികളും ഹാജരായിരുന്നു. പ്രോസിക്യൂഷന്റെ സാക്ഷിവിസ്താരം ഇന്നും തുടരും. ഇന്നും നടിയെയാണ് വിസ്തരിക്കുന്നത്. ഇതിനുശേഷം പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരം നടക്കും. ഇരയുടെ സ്വകാര്യത കണക്കിലെടുത്ത് അടച്ചിട്ട കോടതി മുറിയിലാണ് വിചാരണ നടക്കുന്നത്.

2017 ഫെബ്രുവരി 17 ന് തൃശൂരിൽ നിന്ന് കൊച്ചിയിലേക്ക് ഷൂട്ടിംഗിനായി വരികയായിരുന്ന നടിയെ പ്രതികൾ ആക്രമിച്ച് അശ്ളീലദൃശ്യങ്ങൾ പകർത്തുകയായിരുന്നു. പൾസർ സുനിയടക്കമുള്ള പ്രതികൾ നടൻ ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് ഇതു ചെയ്തതെന്ന് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. തുടർന്നാണ് ദിലീപും പ്രതിയായത്. വനിതാ ഇൻസ്പെക്ടർ രാധാമണിയാണ് ഇരയുടെ മൊഴി അന്ന് രേഖപ്പെടുത്തിയത്. ഇൗ മൊഴികൾ ഇന്നലെ കോടതി തെളിവിലേക്ക് സ്വീകരിച്ചു. പ്രതികൾ പകർത്തിയ ദൃശ്യങ്ങൾ ഇന്നു കോടതി പരിശോധിച്ചേക്കും.

ഏപ്രിൽ ഏഴുവരെ തുടരുന്ന ആദ്യഘട്ട വിസ്താരത്തിൽ ചലച്ചിത്ര താരങ്ങളടക്കം 136 സാക്ഷികളെ വിസ്തരിക്കും. ആകെ 359 പേരുടെ സാക്ഷിപ്പട്ടിയാണ് പ്രോസിക്യൂഷൻ സമർപ്പിച്ചിട്ടുള്ളത്. 161 രേഖകളും 250 തൊണ്ടിമുതലുകളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

നടിയെത്തി, നടനുൾപ്പെടെ പ്രതികളും

ഇന്നലെ രാവിലെ 10.30 നാണ് ഇരയായ നടി കോടതിയിലെത്തിയത്. തൊട്ടുപിന്നാലെ ജയിലിൽ നിന്ന് പൾസർ സുനിയടക്കമുള്ള പ്രതികളെ ജയിലിൽ നിന്നെത്തിച്ചു. എട്ടാം പ്രതിയും നടനുമായ ദിലീപ് 10.50 ന് എത്തി. തുടർന്ന് പതിനൊന്നോടെ കോടതി നടപടികൾ ആരംഭിച്ചു. വൈകിട്ട് 4.35 നാണ് ആദ്യ ദിവസത്തെ സാക്ഷിവിസ്താരം അവസാനിച്ചത്. അടച്ചിട്ട കോടതി മുറിയിൽ ഇന്നലെ പത്തു പ്രതികൾക്കു വേണ്ടി 30 അഭിഭാഷകരാണ് ഹാജരായത്. ഇതിൽ 13 പേർ ദിലീപിനു വേണ്ടി ഹാജരായവരാണ്.

ജഡ്ജി, കോടതി സ്റ്റാഫ്, അന്വേഷണ ഉദ്യോഗസ്ഥർ, പ്രോസിക്യൂട്ടർ, ഇര, പ്രതികൾ, ഇവരുടെ അഭിഭാഷകർ തുടങ്ങിയവർക്ക് മാത്രമാണ് കോടതിമുറിയിൽ പ്രവേശനമുള്ളത്.