ആലുവ: പൗരത്വ നിയമത്തിനെതിരായ സമരത്തിൽ പങ്കെടുത്തെന്ന പേരിൽ ആലുവ പൊലീസ് തടഞ്ഞ യുവാവിന്റെ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകി. പൊതുജന പ്രതിഷേധത്തെ തുടർന്നാണ് യു.സി കോളേജ് കടൂപാടം തൈവേലിക്കകത്ത് ടി.എം. അനസിന് ആലുവ ഈസ്റ്റ് പൊലീസ് സർട്ടിഫിക്കറ്റ് നൽകിയത്. പി.സി.സി നിഷേധിച്ച സംഭവം വിവാദമായതോടെ എം.എൽ.എമാരായ വി.കെ.ഇബ്രാഹിം കുഞ്ഞ്, അൻവർ സാദത്ത് എന്നിവർ ഇടപെട്ടിരുന്നു. തുടർന്നാണ് ഇന്നലെ രാവിലെ സർട്ടിഫിക്കറ്റ് നൽകിയത്. കൊച്ചി പോർട്ട് ട്രസ്റ്റിൽ കരാർ കമ്പനിയിൽ ജോലിക്കാണ് അനസ് പി.സി.സി സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചത്. എന്നാൽ സമരത്തിൽ പങ്കെടുത്തതിനാൽ സർട്ടിഫിക്കറ്റ് നൽകാൻ കഴിയില്ലെന്ന നിലപാടാണ് എസ്.ഐ സ്വീകരിച്ചത്.