കൊച്ചി വൈറ്റിലയിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിന്റെ തെക്കൻ മേഖലയിലുണ്ടായിരിക്കുന്ന പ്രതിസന്ധിക്ക് ഇന്ന് രാവിലെ പരിഹാരമാകുമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് അറിയിച്ചു. വൈറ്റില, കടവന്ത്ര, എളംകുളം, ചിലവന്നൂർ, പൂണിത്തുറ, ഗാന്ധിസ്‌ക്വയർ, പേട്ട, ചമ്പക്കര ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ മുതലാണ് ജലവിതരണം മുടങ്ങിയത്.പൈപ്പ് പൊട്ടിയ സ്ഥലങ്ങൾ സന്ദർശിച്ച കളക്ടർ ബന്ധപ്പെട്ട ഏജൻസികളുടെ അടിയന്തരയോഗം ക്യാമ്പ് ഓഫീസിൽ വിളിച്ചു ചേർത്ത് യുദ്ധകാലാടിസ്ഥാനത്തിൽ അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ നിർദേശം നൽകി.
നാവികസേനയ്ക്ക് വേണ്ടി ദക്ഷിണ നാവിക കമാൻഡിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വരെ ബി.എസ്.എൻ.എല്ലിന്റെ ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡ്രില്ലിംഗ് നടത്തുന്നതിനിടയിലാണ് രണ്ടിടത്ത് പൈപ്പ് പൊട്ടിയത്. തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന വൈറ്റില ട്രാക്കിലും പുന്നുരുന്നി അണ്ടർപാസ് ഭാഗത്തുമാണ് പൈപ്പുകൾക്ക് തകരാറുണ്ടായത്. തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള മൂന്ന് വലിയ പമ്പിംഗ് ലൈനുകളും നാല് ജലവിതരണ ലൈനുകളും കടന്നു പോകുന്ന ഭാഗത്താണ് തകരാർ.
പൊതുമരാമത്ത് നിരത്ത് ദേശീയപാത വിഭാഗം, പൊലീസ്, വാട്ടർ അതോറിറ്റി, ബി.എസ്.എൻ.എൽ, ടെലികമ്യൂണിക്കേഷൻസ് കൺസൾട്ടൻറ്‌സ് ഇന്ത്യ ലിമിറ്റഡ് , ടി.സി.ഐ.എൽ ഉദ്യോഗസ്ഥർ തുടങ്ങിയവർ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.