കൊച്ചി: മരട് വില്ലേജിലെ ഭൂമിയും വീടും ഇല്ലാത്ത ആയിരത്തോളം പേർക്ക് ഭൂമി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാരിന് നിവേദനം നൽകുമെന്ന് പ്രദേശവാസികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതിനായി 'ഞങ്ങൾ പാവങ്ങൾ' എന്ന പേരിൽ സംഘടന രൂപീകരിച്ചിട്ടുണ്ട്. മരട് പ്രദേശത്ത് റെയിൽവെയുടെയും തപാൽ വകുപ്പിന്റെയും ഭൂമി നിലവിലുണ്ട്. മറ്റു പ്രവൃത്തികൾ നടക്കാത്തതിനാൽ ഈ സ്ഥലം ഭൂമിയില്ലാത്തവർക്ക് വിട്ടുനൽകണം. കേന്ദ്ര റെയിൽവെ, തപാൽ മന്ത്രിമാർക്ക് അപേക്ഷ നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സേവ്യർ ജോസഫ്, പജീബ് എന്നിവർ പങ്കെടുത്തു.