തൃക്കാക്കര: കാക്കനാട് കുസുമഗിരി ആശുപത്രിക്ക് സമീപം നിർമ്മാണത്തിലിരിക്കുന്ന സ്വകാര്യ ബഹുനില ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണത്തിൽ വ്യാപക ക്രമക്കേടുകൾ. സമീപവാസികളുടെ പരാതിയിന്മേൽ മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥരടങ്ങിയ വിദഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാൻ തൃക്കാക്കര നഗരസഭാ ഉടമകൾക്ക് സ്റ്റോപ് മെമ്മോ നൽകി.

നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിൽ അവശിഷ്ടങ്ങളും പൊടി പടലങ്ങളും സമീപ വാസികളുടെ വീടുകളിലേക്ക് വീഴുന്നുവെന്നാരോപിച്ച് ലഭിച്ച പരാതികളിലാണ് നടപടി. ഇക്കാര്യത്തിൽ അടിയന്തിരമായി നടപ്പാക്കേണ്ട നടപടിക്രമങ്ങൾ 15 ദിവസത്തിനകം സ്വീകരിക്കണമെന്നും അത് ബോർഡിനെ അറിയിച്ച ശേഷം മാത്രമേ നിർമ്മാണം തുടരാവൂ എന്നുമാണ് ബോർഡ് നിർദ്ദേശിച്ചിട്ടുള്ളത്.മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന ലേബർ ക്യാമ്പും പ്രവർത്തിക്കാത്ത എസ്ടിപി പ്ലാന്റുമൊക്കെയായി സർക്കാരിനെയും ജനങ്ങളെയും കബളിപ്പിച്ചുകൊണ്ടാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്ന് കൊണ്ടിരുന്നത്.