ആലുവ: കടുങ്ങല്ലൂരിലെത്തുന്ന കള്ളന്മാർ ഇനി കുടുങ്ങും. അവരുടെ നീക്കങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കാൻ വിവിധ സ്ഥലങ്ങളിൽ കാമറകൾ റെഡിയായി.
ബിനാനിപുരം പൊലീസും സ്റ്റേഷൻ അതിർത്തിയിലെ റെസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായ ബിനാനിപുരം വെൽഫെയർ അസോസിയേഷനുമായി കൈകോർത്താണ് പദ്ധതി നടപ്പാക്കുന്നത്. വ്യക്തികൾ, സഹകരണ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവയുടെ സഹായവും ലഭിച്ചു. കാമറകളിൽ നിന്ന് പൊലീസ് സ്റ്റേഷനുകളിലെ മോണിറ്ററുകളിൽ 24 മണിക്കൂറും ദൃശ്യങ്ങൾ ലഭിക്കും. ഉന്നത നിലവാരമുള്ളതായതിനാൽ പൊലീസ് സ്റ്റേഷനിൽ നിന്ന് കാമറകളുടെ ദിശ ആവശ്യാനുസരണം മാറ്റാനുള്ള സംവിധാനവുമുണ്ട്. ഇതിന്റെ തുടർച്ചായി ആലുവയിലെ പൊലീസ് കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചുള്ള നിരീക്ഷണത്തിനും സൗകര്യമൊരുക്കും.
# നാട്ടുകാരുടെ ഉറക്കംകെടുത്തി മോഷ്ടാക്കൾ
സമീപകാലത്ത് ചെറുതും വലുതുമായ ഏറ്റവും അധികം മോഷണം നടന്ന പ്രദേശമാണ് കടുങ്ങല്ലൂർ. എല്ലാ ആരാധനാലയങ്ങളിലും മോഷ്ടാക്കൾ കയറി. ഓരോ പ്രദേശത്തും മോഷണം നടക്കുമ്പോൾ പരിസരവാസികൾ വിജിലന്റാകും. ഇതോടെ ഉൾവലിയുന്ന മോഷ്ടാക്കൾ കുറച്ചുദിവസം കഴിഞ്ഞ് വീണ്ടും രംഗപ്രവേശം ചെയ്യും. പൊലീസിനെയും നാട്ടുകാരെയും നാണംകെടുത്തുന്ന വിധമായിരുന്നു മോഷ്ടാക്കളുടെ വിളയാട്ടം.
മോഷ്ടാക്കളുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കുകയെന്നതാണ് കാമറ സ്ഥാപിക്കുന്നതിലൂടെ പൊലീസ് ലക്ഷ്യമിടുന്നത്. രണ്ടാം ഘട്ടത്തിൽ മറ്റ് മേഖലകളിൽ കൂടി കാമറകൾ സ്ഥാപിക്കുമെന്ന് ബിനാനിപുരം സ്റ്റേഷൻ എസ്.എച്ച്.ഒ എ.കെ. സുധീർ പറഞ്ഞു.
# കാമറകളുടെ സ്വിച്ച് ഓൺ ഇന്ന്
പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി ആദ്യഘട്ടത്തിൽ 44 സി.സി ടി.വി കാമറകളാണ് സ്ഥാപിക്കുന്നത്. നിരീക്ഷണ കാമറകളുടെ സ്വിച്ച് ഓൺ ഇന്ന് വൈകിട്ട് അഞ്ചിന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് നിർവഹിക്കും. ഉദ്ഘാടന യോഗത്തിൽ ഡിവൈ.എസ്.പി ജി. വേണു അദ്ധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ രത്നമ്മ സുരേഷ്, രാധാമണി ജയസിംഗ്, ബിനാനിപുരം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ടി.ബി. സജീവ് കുമാർ, സെക്രട്ടറി ടി.കെ. സദാശിവൻപിള്ള, എം.എ. അബ്ദുൾ കരീം, കെ. രാജഗോപാൽ എന്നിവർ സംസാരിക്കും. ഇതോടൊപ്പം പൊലീസ് സ്റ്റേഷനിൽ നിർമ്മിച്ചിട്ടുള്ള കോൺഫറൻസ് ഹാളിന്റെ ഉദ്ഘാടനവും നടക്കും.