കൊച്ചി : കേരള ഹൈക്കോടതിയിൽ ജഡ്ജിമാരായി നിയമിക്കാൻ മൂന്ന് അഭിഭാഷകരുടെയും ഒരു ജുഡിഷ്യൽ ഒാഫീസറുടെയും പേരുകൾ സുപ്രീംകോടതി കൊളീജിയം കേന്ദ്ര സർക്കാരിന് ശുപാർശ ചെയ്തു. സുപ്രീംകോടതി മുൻ ജഡ്ജി കെ.ടി. തോമസിന്റെ മകൻ ബെച്ചു കുര്യൻ തോമസ്, എറണാകുളത്തെ മേനോൻ ആൻഡ് പൈ ലാ ഫേമിലെ സീനിയർ അഭിഭാഷകൻ പി. ഗോപിനാഥ്, മുൻ ഗവ. പ്ളീഡർ ടി.ആർ.രവി എന്നീ അഭിഭാഷകരെയും കോഴിക്കോട് ജില്ലാ ജഡ്ജി എം.ആർ. അനിതയെയുമാണ് കൊളീജിയം ശുപാർശ ചെയ്തത്. 32 ജഡ്ജിമാരുള്ള കേരള ഹൈക്കോടതിയിൽ 15 ഒഴിവുകളാണുള്ളത്. കൊളീജിയത്തിന്റെ ശുപാർശ കേന്ദ്ര നിയമമന്ത്രാലയം അംഗീകരിച്ച് രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടും. തുടർന്ന് നിയമന ഉത്തരവിറക്കും.