കൊച്ചി: കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചതോടെ സമൂഹമാദ്ധ്യമങ്ങളിൽ വ്യാജ സന്ദേശങ്ങൾ മാരകമാംവിധം വ്യാപിക്കുന്നു. ജനങ്ങളെ ഭീതിയിലാഴ്‌ത്തുന്ന ഇത്തരം സന്ദേശങ്ങളെ ഫലപ്രദമായി നേരിടാൻ നിയമത്തിൽ വ്യവസ്ഥയില്ലാത്തത് വലിയ തലവേദനയാകും. കേരളത്തിൽ നിപ്പ പടർന്നപ്പോഴും മനോവൈകല്യങ്ങളുള്ള ചിലർ വ്യാജ പ്രചാരണങ്ങൾകൊണ്ട് അലോസരമുണ്ടാക്കുകയും ഭീതി പരത്തുകയും ചെയ്തിരുന്നു. അന്നെടുത്ത കേസുകൾ എങ്ങുമെത്താതെ തുടരുമ്പോഴാണ് കൊറോണ ഭീതി പരത്തിയുള്ള വിളയാട്ടം. ശാസ്ത്രീയമായി ഒരടിത്തറയുമില്ലാത്തവയാണ് ഈ വ്യാജ സന്ദേശങ്ങൾ.
വ്യാജ സന്ദേശങ്ങളിൽ ചിലത്
• കൊറോണ വൈറസിനെ നേരിടാൻ തൊണ്ട വരളാതെ നോക്കണം
• തിരക്കേറിയ സ്ഥലത്ത് 2020 മാർച്ച് അവസാനം വരെ പോകരുത്
• വറുത്തതും മസാലകൾ നിറഞ്ഞതുമായ ഭക്ഷണം പാടില്ല
• തൊണ്ട നനയ്ക്കാൻ ചെറു ചൂടുവെള്ളം കൈയിൽ കരുതുക
• തൊണ്ട വരണ്ടാൽ 10 മിനിട്ടിനുള്ളിൽ വൈറസ് ബാധയുണ്ടാകും
നിയമത്തിന്റെ പോരായ്മ
ഐ.ടി ആക്ടിലെ സെക്ഷൻ 66 എ പ്രകാരം ഇത്തരം വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് മൂന്നു വർഷം തടവും പിഴയും ലഭിക്കാവുന്ന കുറ്റമായിരുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്ന് വിലയിരുത്തി 2015 ലെ ശ്രേയ സിംഗാൾ കേസിൽ സുപ്രീം കോടതി അത് റദ്ദാക്കി. കേരള പൊലീസ് ആക്ടിലെ 120 (ഒ) പ്രകാരമേ ഇപ്പോൾ കേസെടുക്കാനാകൂ. ഈ വകുപ്പു പ്രകാരം ജനങ്ങൾക്ക് ശല്യവും ബുദ്ധിമുട്ടും ഉണ്ടാക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ഒരു വർഷം വരെ മാത്രം തടവും 5000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
നിപ്പക്കാലത്ത് കോഴിക്കോട് ജില്ലയിൽ മാത്രം 22 പേർക്കെതിരെ ഈ വകുപ്പു പ്രകാരം കേസെടുത്തെങ്കിലും പാഴ്പണിയായി.