പറവൂർ : പറവൂർ ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ക്ലാസ് മുറിയിൽ കയറിയ അണലിയെ അദ്ധ്യാപകർ തല്ലിക്കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്കുശേഷം പഴയ കെട്ടിടത്തിലെ ഹയർസെക്കൻഡറി ഒന്നാം വർഷ സയൻസ് ക്ലാസിലാണ് സംഭവം. കാലിലൂടെ ഇഴഞ്ഞപ്പോൾ വിദ്യാർത്ഥിനി പാമ്പിനെ കണ്ട് നിലവിളിക്കുകയായിരുന്നു.
അതോടെ ക്ളാസിൽ ബഹളമായി. കുറച്ചുപേർ പുറത്തേക്കോടി. മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളുമെത്തി പാമ്പിനെ ബെഞ്ചിനടിയിൽ നിന്ന് പുറത്തേക്ക് തട്ടിയിട്ടശേഷം തല്ലിക്കൊന്നു.
സ്കൂൾ അങ്കണത്തിന്റെ കാടുപിടിച്ചു കിടന്ന ഭാഗത്ത് നിന്നാണ് പാമ്പെത്തിയതെന്ന് കരുതുന്നു. സംഭവത്തെത്തുടർന്ന് മുനിസിപ്പൽ ജീവനക്കാരെത്തി പുല്ലു വെട്ടിയൊതുക്കിയെങ്കിലും പൂർണമായിട്ടില്ല.
ഹയർസെക്കൻഡറി ഒന്നാം വർഷ വിഭാഗത്തിലെ മൂന്ന് ക്ലാസ് മുറികൾ ജീർണാവസ്ഥയിലായ കെട്ടിടത്തിലാണ്. പരസരവും വൃത്തിഹീനമാണ്.
പുതിയ കെട്ടിടം നിർമിക്കാൻ വി.ഡി. സതീശൻ എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു കോടി അഞ്ചു ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ആഴ്ചകൾക്കു മുമ്പ് പണിതുടങ്ങിയെങ്കിലും മുടങ്ങി.
പാമ്പിന്റെ വാസകേന്ദ്രം
കാടുപിടിച്ചു കിടക്കുന്ന ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളും പരിസരവും പാമ്പുകളുടെ വാസകേന്ദ്രമാണ്. നഗരത്തിൽ നിന്നും മാറിയുള്ള ഇവിടെ സമീപത്ത് വീടുകളും കുറവാണ്. പെൺകുട്ടികൾ മാത്രം പഠിക്കുന്നതിനാൽ ക്ളാസ് മുറികൾ വിട്ട് പുറത്തേക്ക് പോകാറില്ല. വർഷങ്ങൾക്ക് മുമ്പ് സ്കൂൾ ഗ്രൗണ്ടിൽ കളിക്കാനെത്തിയ കുട്ടി പാമ്പ് കടിയേറ്റ് മരിച്ചിട്ടുണ്ട്.
വയനാട്ടിൽ വിദ്യാർത്ഥിനി ക്ളാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ചതിനു ശേഷം പേരിന് സ്കൂൾ പരിസരം വൃത്തിയാക്കിയിരുന്നു. പിന്നീട് പഴയ അവസ്ഥ തന്നെയായി.