ഫോർട്ട്കൊച്ചി: എൺപത് വയസുകാരി കാഴ്ചശക്തിയില്ലാത്ത സുഹറക്കും ശാരീരിക ശേഷി കുറവുള്ള നാൽപത് വയസുള്ള മകനും കേറി കിടക്കാൻ സ്വന്തമായി ഒരു കൂരയായി. വർഷങ്ങളായി മഹാജനവാടിയിലെ ഒറ്റമുറി വീടിലാണ് ഇവർ തുച്ഛമായ പൈസക്ക് പണയത്തിന് താമസിച്ചിരുന്നത്. ഭർത്താവില്ലാത്ത ഇവർ നാട്ടുകാരുടെ സഹായത്താലാണ് കഴിഞ്ഞിരുന്നത്. മകന്റെ ചികിത്സക്ക് തന്നെ വേണം നല്ലൊരു തുക. ഇവരുടെ വീടിന് കുറച്ച് അകലെയായാണ് ശുചി മുറി. കാഴ്ചശക്തി ഇല്ലാത്ത സുഹറക്ക് അതൊരു ബുദ്ധിമുട്ടായിരുന്നു.സുഹറയുടെ പേരിൽ രജിസ്ട്രർ ചെയ്ത വീടിന്റെ താക്കോൽ ഫോർട്ടുകൊച്ചി സബ് കളക്ടർ സ്റ്റേ ഹിൽകുമാർ സിംഗ് കൈമാറി. സമൂഹത്തിൽ അവശതയനുഭവിക്കുന്നവരെ കണ്ടെത്തി സഹായിക്കുവാൻ സാമൂഹ്യ സാംസ്ക്കാരിക സംഘടനകൾ മുന്നോട്ട് വരണമെന്ന് സബ് കളക്ടർ പറഞ്ഞു. ചടങ്ങിൽ ടി.കെ.അഷറഫ്, മുകേഷ് ജെയിൻ, ഷെരീഫ് അലി സർ, വേണുഗോപാൽ പൈ, എം.എം.സലിം, കെ.ബി. ജബാർ, എ.ജലാൽ തുടങ്ങിയവർ സംബന്ധിച്ചു.
കൈത്താങ്ങായത് ഖത്തറിലെ ഒരു കൂട്ടം യുവാക്കൾ
കേരളകൗമുദിയിലെ വാർത്ത കണ്ട് സാമൂഹ്യ പ്രവർത്തകനായ മുകേഷ് ജെയിൻ മുൻകൈയെടുത്ത് ഒരു വീടെന്ന സ്വപ്നത്തിന് തുടക്കം കുറിച്ചത്. ഖത്തറിലെ ഒരു കൂട്ടം യുവാക്കളും നാട്ടിലെ സുമനസുകളും കൈയഴിഞ്ഞ് സഹായിച്ചാണ് മട്ടാഞ്ചേരി വലിയപറമ്പിൽ വീടും സ്ഥലവും കൂടി തരപ്പെടുത്തിയത്.
കുടുംബത്തിന് പുതുവസ്ത്രങ്ങളും അദ്ദേഹം നൽകി. ഇതെല്ലാം കാണാൻ തനിക്ക് കാഴ്ചശക്തി ഇല്ലല്ലോ എന്ന ഒരു ദുഖം മാത്രമേ സുഹറക്കുളളൂ.