വൈപ്പിൻ: ചെറായി ശ്രീ ഗൗരീശ്വരക്ഷേത്രത്തിന്റെ ഏഴുകിലോമീറ്റർ ചുറ്റളവിൽ പൂരോത്സവത്തോടനുബന്ധിച്ച് ഇന്നുമുതൽ ഒമ്പതാംതീയതിവരെ ഒരു കോടിയുടെ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തി. അതീവ സുരക്ഷയോടെയാണ് സംഘാടകരായ വിജ്ഞാനവർദ്ധിനിസഭയും ഇരുചേരുവാരങ്ങളും പൂരം നടത്തുന്നത്. നാട്ടാനച്ചട്ടവും ഗ്രീൻ പ്രോട്ടോക്കോളും പൂർണമായും പാലിച്ച് നടത്തുന്ന പൂരത്തിനു ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് കൂടുതൽ മുൻതൂക്കം നൽകുന്നു. ഇതിനായി മൈതാനിയിൽ നിലവിലുള്ളതിന് പുറമെ നിരവധി നിരീക്ഷണ കാമറകളും സ്ഥാപിച്ചിട്ടുണ്ട്. ആംബുലൻസ്, ഫയർ ഫോഴ്‌സ്, ഫോറസ്റ്റ്, എലിഫന്റ് സ്‌ക്വാഡ്, മയക്കുവെടി വിദഗ്ദ്ധൻ എന്നിവരുണ്ടാകും. ആനകളുമായി ബന്ധപ്പെട്ട അനിഷ്ടസംഭവങ്ങളുണ്ടായാൽ ഉടനടി പരിഹാരം കാണുന്നതിന് സ്വകാര്യ എലിഫന്റ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ടെന്ന് സഭാ ഭാരവാഹികൾ അറിയിച്ചു.
പൂരത്തിന് പ്ലാസ്റ്റിക് ഉപയോഗമില്ലാതെ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം നടത്താനാണ് പഞ്ചായത്തും ക്ഷേത്രക്കറ്റിറ്റി ഭാരവാഹികളും വ്യാപാരികളും തമ്മിൽ ധാരണ. പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റേതാണ് തീരുമാനം. പ്ലാസ്റ്റിക് കൊണ്ടുള്ള കപ്പുകൾ, പ്ലേറ്റുകൾ, കിറ്റ്, ഫ്‌ളക്‌സ്, ബാനർ, അലങ്കാരങ്ങൾ എന്നിവ ഒഴിവാക്കാനാണ് പൊതുതീരുമാനം. പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന വിവിധ സംഘടനാ ഭാരവാഹികളുടെ യോഗത്തിൽ വി.വി.സഭാ പ്രസിഡന്റ് ഇ.കെ. ഭാഗ്യനാഥൻ, മുനമ്പം എസ്.ഐ. റഷീദ്, ഹെൽത്ത് ഇൻസ്‌പെക്ടർ എം.എ. സോജി, എസ്.എം.എച്ച്.എസ്. സ്‌കൗട്ട് ഓഫീസർ പി.എസ്. സുനിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, സി.ഡി.എസ് ചെയർപേഴ്‌സൺ ഉഷാ സദാശിവൻ, പി.ബി. സജീവൻ, രാധിക സതീഷ്, കെ.കെ. ലെനിൻ, എം.കെ. ദേവരാജൻ, പി.ജി. ആന്റണി തുടങ്ങിയവർ പങ്കെടുത്തു.