എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.ഹൈസ്‌കൂളിൽ ലഹരിവിരുദ്ധ സെമിനാർ

വൈപ്പിൻ: ജീവിതമാണ് യഥാർത്ഥ ലഹരിയാകേണ്ടതെന്നും ലഹരി വസ്തുക്കളുടെ ഉപയോഗമല്ലെന്നും ഞാറക്കൽ സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. മുരളി വിദ്യാർത്ഥികളെ ഉപദേശിച്ചു. വിദ്യാർത്ഥികളെ ഒരുപാട് ചതിക്കുഴികൾ കാത്തിരിക്കുന്നുണ്ട്. അവയിലൊന്നും വീഴാതെ ലക്ഷ്യബോധത്തോടെ മുന്നേറുന്നവർക്കേ ജീവിത വിജയം കണ്ടെത്താനാകൂവെന്നും അദ്ദേഹം പറഞ്ഞു. കേരളകൗമുദിയും പൊലീസും എക്‌സൈസും ചേർന്ന് സംഘടിപ്പിച്ച ലഹരിവിരുദ്ധ സെമിനാർ എടവനക്കാട് എസ്.ഡി.പി.വൈ. കെ.പി.എം.ഹൈസ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്‌കൂൾ മാനേജർ സി.പി. കിഷോർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ന്യൂസ് എഡിറ്റർ എച്ച്. മണിലാൽ ആമുഖ പ്രഭാഷണം നടത്തി.

പ്രധാന അദ്ധ്യാപിക എ.കെ. ശ്രീകല, പി.ടി.എ. പ്രസിഡന്റ് ആന്റണി സാബു, പള്ളുരുത്തി എസ്.ഡി.പി.വൈ കൗൺസിലർ സി.ജി. പ്രതാപൻ എന്നിവർ സംസാരിച്ചു. കേരളകൗമുദി വൈപ്പിൻ ലേഖകൻ കെ.കെ. രത്‌നൻ സ്വാഗതവും സ്‌കൂളിലെ ലഹരി വിരുദ്ധ ക്ലബ് കൺവീനർ ജോർജ് അലോഷ്യസ് നന്ദിയും പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ കെ.കെ. അരുൺ ബോധവത്കരണ ക്ലാസ് നയിച്ചു.