തൃക്കാക്കര: തൃക്കാക്കരയിൽ രണ്ടുകിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റുചെയ്തു. ചെങ്ങമനാട് താണിക്കൽ വീട്ടിൽ സുജിത്ത് (24), കണ്ണൂർ പടുവിലക്കണ്ടി വീട്ടിൽ മിഥുൻ (24) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടോടെ രണ്ടുപേർ കഞ്ചാവ് വില്പനയ്ക്കായി കാക്കനാട് തുതിയൂർ ഭാഗത്ത് എത്തിയിട്ടുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൃക്കാക്കര സി .ഐ ഷാബു, എസ്.ഐ അബ്ദുൽ ജമാൽ,റഫീഖ് എൻ, അഡിഷണൽ എസ്.ഐ റോയ് കെ പുന്നൂസ്.മണികണ്ഠൻ, രഞ്ജിത്ത് എന്നിവരുടെ നേതൃത്വത്തിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ കാക്കനാട് തുതിയൂർ ചാത്തനാംചിറയിൽ നിന്ന് രാത്രി ഒമ്പതോടെയാണ് ഇരുവരെയും പിടികൂടിയത്. ഇവരിൽ നിന്ന് രണ്ടുകിലോ കഞ്ചാവും തൂക്കിക്കൊടുക്കാൻ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.
സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കും ടെക്കികൾക്കും കഞ്ചാവ് വില്പന നടത്തിവന്ന സംഘമാണ് വലയിലായതെന്ന് പൊലീസ് പറഞ്ഞു. കോയമ്പത്തൂരിൽ നിന്നും വില്പന നടത്തുന്നതിനായി കൊണ്ടുവന്നതാണ് കഞ്ചാവ്. ഓൺലൈൻ വഴിയായിരുന്നു ഇടപാടുകൾ. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ഹോട്ടലുകളിൽ മുറികളെടുത്തശേഷം ആ പ്രദേശങ്ങളിൽ വില്പന നടത്തുകയാണ് രീതി. ചെങ്ങമനാട് സ്വദേശി സുജിത്ത് കഞ്ചാവ്, അടിപിടിക്കേസുകളിൽ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ പ്രതിയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.