കൊച്ചി: അടുക്കും ചിട്ടയുമുള്ള പ്രവർത്തനവും വ്യക്തമായ ദിശാബോധവുമാണ് എറണാകുളം കരയോഗത്തെ നയിക്കുന്നതെന്ന് കൊളത്തൂർ അദ്വൈത ആശ്രമാധിപൻ സ്വാമി ചിദാനന്ദപുരി പറഞ്ഞു. എറണാകുളം കരയോഗത്തിന്റെ നവതി സ്മാരകമായ രാധേയം ഗസ്റ്റ് ഹൗസ് ഗുരുവായൂരിൽ ഭക്തർക്കായി സമർപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊൽക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ ചടങ്ങിൽ അദ്ധ്യക്ഷനായി. ചത്തീസ്ഗഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.രാമചന്ദ്രമേനോൻ മുഖ്യാതിഥിയായി. എറണാകുളം കരയോഗത്തിന്റെ പ്രവർത്തന വൈശിഷ്ട്യത്തിന് തെളിവാണ് രാധേയമെന്ന് പറഞ്ഞു.
കെ. വി. അബ്ദുൾ ഖാദർ എം.എൽ.എ, ഗുരുവായൂർ നഗരസഭാ മുൻ ചെയർപേഴ്‌സൺ വി.എസ്. രേവതി, മേയർ സൗമിനി ജെയിൻ, ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ. ബി. മോഹൻദാസ്, മുൻ പി.എസ്. സി. ചെയർമാൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ, ചേന്നാസ് പി. സി. ദിനേശൻ നമ്പൂതിരിപ്പാട്, നഗരസഭ മുൻ ചെയർപേഴ്‌സൺ പ്രൊഫ. പി. കെ. ശാന്തകുമാരി, കൗൺസിലർ രതി ജനാർദ്ദനൻ,തുടങ്ങിയവർ ആശംസ പറഞ്ഞു. വിശിഷ്ട വ്യക്തികളെ എറണാകുളം കരയോഗം പ്രസിഡന്റ് കെ. പി. കൃഷ്ണമേനോൻ ഉപഹാരം നൽകി ആദരിച്ചു.
ഗുരുവായൂരിൽ ക്ഷേത്ര ദർശനത്തിന് എത്തുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സൗകര്യങ്ങളോടെയും താമസിച്ച് ദർശനം നടത്തുന്നതിനും വിവാഹം, ചോറൂണ് തുടങ്ങിയവയ്ക്കും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും രാധേയം ഗസ്റ്റ് ഹൗസിൽ ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. 36 എ.സി മുറികളാണ് ഉള്ളത്. പുലർച്ചെ മൂന്ന് മുതൽ ആറ് വരെയും വൈകിട്ട് ആറ് മുതൽ രാത്രി ഒൻപത് വരെയും ക്ഷേത്ര ദർശനത്തിനായി ഗസ്റ്റ് ഹൗസിൽ നിന്ന് ക്ഷേത്രത്തിലേക്ക് യാത്രാ സൗകര്യവും ഉണ്ടാവും.