കൊച്ചി: കൂട്ടത്തോടെ പടിയിറങ്ങിയ എറണാകുളം മേഖലയിലെ ബി.എസ്.എൻ.എൽ ജീവനക്കാർ വിരമിക്കൽ അക്ഷരാർത്ഥത്തിൽ ആഘോഷമാക്കി.
ഇന്നലെ വൈകിട്ട് 5 മണിയോടെ എറണാകുളം ബി.എസ്.എൻ.എൽ ഭവനിൽ നടന്ന ചടങ്ങ് കഴിഞ്ഞ് ജീവനക്കാർ വിട പറഞ്ഞത് വാദ്യഘോഷത്തിന്റെയും മറ്റും അകമ്പടിയോടെയായിരുന്നു. ലഡുവും മധുര പലഹാരങ്ങളും വിതരണം ചെയ്യാനും അവർ മറന്നില്ല. ബന്ധുമിത്രാദികളുമായി ഒട്ടനവധി പേരുംഎത്തിയിരുന്നു.
അഞ്ച് മണിക്ക് തുടങ്ങിയ ആഘോഷങ്ങൾ ഒന്നര മണിക്കൂറോളം നീണ്ടു. ആഘോഷങ്ങൾക്കിടെ ചിലർ വിതുമ്പി. പതിറ്റാണ്ടുകൾ അന്നമേകിയ സ്ഥാപനത്തിൽ ഒരുമിച്ച് കഴിഞ്ഞവർ പരസ്പരം ആശ്ളേഷിച്ചും കെട്ടിപ്പിടിച്ചും ആശ്വസിപ്പിച്ചുമായിരുന്നു വിടവാങ്ങൽ.
ഒരു പൊതുമേഖലാസ്ഥാപനത്തിലെ ഏറ്റവും വലിയ കൂട്ട വിരമിക്കലിനാണ് രാജ്യം ഇന്നലെ സാക്ഷ്യം വഹിച്ചത്. രാജ്യമൊട്ടാകെ എൻപതിനായിരത്തോളം ജീവനക്കാർ ഒറ്റ ദിവസം കൊണ്ട് പുറത്തു പോയി.
കേരളത്തിൽ ആകെയുള്ള 9314 ജീവനക്കാരിൽ 4589 പേർ സ്വയം വിരമിച്ചപ്പോൾ എറണാകുളം ബിസിനസ് മേഖലയിൽ 1795 ജീവനക്കാരിൽ 1027 പേരാണ് വിരമിച്ചത്.
ഗ്രൂപ്പ് ഡി മുതൽ ഡെപ്യൂട്ടി ജനറൽ മാനേജർ വരെ ഏതാണ്ട് എല്ലാ തസ്തികകളിൽ നിന്നുമുള്ള ജീവനക്കാർ സ്വയം വിരമിച്ചിട്ടുണ്ട്. 60 വയസാണ് ബിഎസ്എൻഎൽ ജീവനക്കാരുടെ വിരമിക്കൽ പ്രായം. അൻപത് വയസായിരുന്നു സ്വയം വിരമിക്കലിനുള്ള പ്രായപരിധി.
കൂട്ട വിരമിക്കൽ ഉപഭോക്തസേവനത്തെ ബാധിക്കില്ല. തടസപ്പെട്ട സേവനങ്ങളെല്ലാം പത്ത് ദിവസത്തിനകം പുന:സ്ഥാപിക്കും.