ആലുവ: പെരിയാറിന്റെ തീരത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കടത്തുകടവ് സാംസ്‌കാരിക കേന്ദ്രം നവീകരണത്തിന്റെ മറവിൽ റെസിഡന്റസ് അസോസിയേഷന് കൈമാറാനുള്ള നീക്കത്തിനെതിരെ ഭരണപക്ഷത്ത് ഭിന്നത. കൗൺസിൽ തീരുമാനമില്ലാതെയാണ് നവീകരണത്തിന്റെ ചുമതല റെസിഡന്റ്‌സ് അസോസിയേഷനെ ഏൽപ്പിക്കുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതികരിക്കുമെന്നും നഗരസഭയിലെ ഐ വിഭാഗം കൗൺസിലർമാർ 'കേരളകൗമുദി'യോട് പറഞ്ഞു. നഗരസഭയുടെ സ്വത്തുക്കൾ നവീകരിക്കുന്നതും സംരക്ഷിക്കുന്നതും നഗരവാസികളുടെ കൂടി കടമയാണ്. അതിനെ സ്വാഗതം ചെയ്യുന്നു. എന്നാൽ ഉപാധികളില്ലാതെയും നഗരസഭ കൗൺസിലിൽ ചർച്ച ചെയ്യാതെയും ഏകപക്ഷീയമായി തീരുമാനം എടുക്കുന്നത് ഭൂഷണമല്ലെന്നുമാണ് ഇവരുടെ നിലപാട്.
വർഷങ്ങൾക്ക് മുമ്പ് ജി.സി.ഡി.എ നിർമ്മിച്ച് നഗരസഭയ്ക്ക് കൈമാറിയതാണ് കടത്തുകടവ് സാംസ്‌കാരിക കേന്ദ്രം. സംരക്ഷിക്കാൻ ആളില്ലാതെയാണ് ഇത് നശിച്ചത്. ഇതിനിടെ രണ്ട് പ്രളയം കൂടി ബാധിച്ചതോടെ കേന്ദ്രത്തിന്റെ അവസ്ഥ പരമദയനീയമായി. വല്ലപ്പോഴും സമീപത്തെ ചിത്രകലാ വിദ്യാലയം കാമ്പുകൾ സംഘടിപ്പിക്കുമ്പോഴാണ് കാടുവെട്ടിത്തെളിക്കുന്നത്. സന്ധ്യമയങ്ങിയാൽ സാമൂഹ്യവിരുദ്ധരുടെ ശല്യവുമാണ്. ഇതേത്തുടർന്നാണ് കടത്തുകടവ് റെസിഡന്റ്‌സ് അസോസിയേഷൻ വാർഡ് കൗൺസിലറുമായി ബന്ധപ്പെട്ട് നവീകരണത്തിന് ശ്രമം ആരംഭിച്ചത്.
പ്രളയഫണ്ടിൽ നിന്നും നവീകരണത്തിന് നഗരസഭ അനുവദിച്ച പത്തുലക്ഷവും റെസിഡന്റ്‌സ് അസോസിയേഷൻ സ്വരൂപിക്കുന്ന പത്ത് ലക്ഷവും ചേർത്ത് നവീകരിക്കാനാണ് തീരുമാനം. ഇതിന് പുറമെ എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തി ഹൈമാസ്റ്റ് ലാമ്പും സ്ഥാപിക്കും. സ്ഥലം മിനി പാർക്കായി വികസിപ്പിക്കുന്നതിനുള്ള രൂപരേഖയാണ് തയ്യാറാക്കിയിട്ടുള്ളത്. ആലുവ നഗരസഭയിൽ കുറേക്കാലമായി ഭരണപക്ഷത്ത് ഭിന്നതയാണ്. അതിനാൽ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടക്കുന്നില്ലെന്നാണ് ആക്ഷേപം. അതിനിടെയാണ് അടുത്ത വിവാദം തലപൊക്കുന്നത്.