high-court
high court

കൊച്ചി : സ്ത്രീകളുടെ രാത്രിയാത്ര പ്രോത്സാഹിപ്പിക്കുന്നവർ സുരക്ഷിത റോഡ് യാത്രയ്ക്കുള്ള സാഹചര്യം കൂടി ഉറപ്പാക്കണമെന്ന് ഹൈക്കോടതി. റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കാൻ നടപടി വേണമെന്ന ഹർജിയിലാണ് സിംഗിൾബെഞ്ച് ഇക്കാര്യം വാക്കാൽ പറഞ്ഞത്.

പുരുഷന്മാർക്കു പോലും രാത്രി റോഡിലൂടെ നടക്കാൻ പറ്റാത്ത സ്ഥിതിയാണ്. തെരുവു വിളക്കുകൾ പലതും കത്തുന്നില്ല. എറണാകുളം നഗരം രാത്രി എട്ടു മണിയോടെ വിജനമാകും. ഇതെല്ലാം ശരിയാക്കി റോഡുകൾ സുരക്ഷിതമാക്കുകയാണ് ആദ്യം വേണ്ടതെന്നും ഹൈക്കോടതി പറഞ്ഞു.

റോഡ് മോശമായതുകൊണ്ട് യാത്ര ഒഴിവാക്കുന്ന സ്ഥിതി ഉണ്ടാകരുത്. നല്ല റോഡുകൾ ഭരണഘടനാപരമായ അവകാശമാണ്. ടെൻഡർ ബിൽ പാസാക്കുന്നതാണ് തങ്ങളുടെ ഉത്തരവാദിത്വമെന്നാണ് എൻജിനിയർമാർ ധരിച്ചിരിക്കുന്നതെന്നും ഹൈക്കോടതി വാക്കാൽ കുറ്റപ്പെടുത്തി.

കടുത്ത നിരീക്ഷണങ്ങൾ

• കേരളത്തിന്റെ ഗേറ്റ്‌വേയെന്നറിയപ്പെടുന്ന പാലക്കാട്ടേക്ക് പോകാൻ മൂന്നു ദിവസം മുമ്പേ യാത്ര പ്ളാൻ ചെയ്യണം. കുതിരാനിലൂടെ പോകാൻ കഴിയില്ല. എല്ലായിടത്തും ഗതാഗതക്കുരുക്കുകൾ. പ്രളയവും മഴയുമാണ് റോഡ് തകരാൻ കാരണമെന്ന് ഇനി പറയരുത്.

• തകർന്ന റോഡു നിമിത്തം അപകടമുണ്ടായി യുവാവ് മരിച്ച സംഭവത്തിൽ നിങ്ങളാണ് ഉത്തരവാദികളെന്ന് ഉദ്യോഗസ്ഥരോടു പറയുന്ന ഒരു സർക്കുലറെങ്കിലും സർക്കാർ ഇറക്കിയോ?

• റോഡ് തകർന്ന് അപകടം സംഭവിച്ചാൽ തങ്ങൾക്കും ശിക്ഷ കിട്ടുമെന്ന് ഉദ്യോഗസ്ഥർക്ക് ഭയമുണ്ടാകണം. ഉത്തരവാദിത്വം മറക്കുന്ന ഇക്കൂട്ടരെ ഒാർമ്മപ്പെടുത്തുന്ന ജോലിയാണ് കോടതി ഇപ്പോൾ ചെയ്യുന്നത്.

• കനത്ത പിഴ ഇൗടാക്കുന്ന സ്ഥിതിയുണ്ടായാൽ ഗൗരവം ഉദ്യോഗസ്ഥർക്കു മനസിലാകും.

• റോഡ് നിർമ്മാണത്തിന് പണം ഇല്ലെന്ന സർക്കാരിന്റെ ന്യായം പൊതുജനങ്ങൾക്ക് അറിയേണ്ട. നികുതി നൽകുന്നവരാണ് അവർ.

• പണമില്ലെന്ന് പറയുന്ന സർക്കാർ അപകടത്തിൽ ആളുകൾ മരിച്ചാൽ പത്തു ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തയ്യാറാണ്. ആളുകൾ മരിച്ചാലേ സഹായിക്കൂ എന്നാണോ നിലപാട്.