കൊച്ചി : സി.പി.എം നേതാവും മുൻ എം.പിയുമായ ടി.എൻ. സീമയുടെ ഭർത്താവ് ജയരാജിനെ സി ഡിറ്റിൽ ഡയറക്ടറായി നിയമിച്ചതിനെതിരെ സി ഡിറ്റിലെ ഇ ഗവേണൻസ് ഇംപ്ളിമെന്റേഷൻ ഡിവിഷനിലെ ഡെപ്യൂട്ടി ഡയറക്ടർ എം.ആർ. മോഹനചന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.

2016 ജൂൺ ഒന്നിന് സി ഡിറ്റിൽ രജിസ്ട്രാറായാണ് ജയരാജ് ജോലിയിൽ പ്രവേശിച്ചത്. ഇതു തന്നെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചാണെന്നും മതിയായ യോഗ്യതയില്ലാതെയാണ് അദ്ദേഹത്തെ ഡയറക്ടർ സ്ഥാനത്തേക്ക് നിയമിച്ചതെന്നും ഹർജിയിൽ ആരോപിക്കുന്നു.

രജിസ്ട്രാറായിരിക്കെ ഡയറക്ടർ നിയമന വ്യവസ്ഥകൾ തനിക്കനുകൂലമായി മാറ്റാൻ ജയരാജ് നിർവാഹക സമിതിക്ക് ശുപാർശ നൽകി. വിരമിച്ചവരെ പരിഗണിക്കാമെന്ന തരത്തിൽ മാറ്റം വേണമെന്നും ആവശ്യപ്പെട്ടു. 2019 ജനുവരിയിൽ ഇതനുസരിച്ച് നിർവാഹക സമിതി നിയമന വ്യവസ്ഥകളിൽ മാറ്റം കൊണ്ടുവന്നെന്നും ഫെബ്രുവരി 28 ന് വിരമിച്ച ജയരാജ് തൊട്ടടുത്ത ദിവസം തന്നെ ഡയറക്ടറായി ചുമതലയേറ്റെന്നും നിയമന നടപടികളിലും അപാകതയുണ്ടെന്നും ഹർജിയിൽ ആരോപിക്കുന്നു.