തൃക്കാക്കര : മേക്കപ്പ് ആർട്ടിസ്റ്റ് വിജയ് ശ്രീധരനെ കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. ഇന്നലെ വൈകിട്ട് നാലുമണിയോടെ അന്വേഷണസംഘം പ്രതി ചണ്ഡീരുദ്ര എന്ന വെങ്കിടേഷിനെ കൃത്യം നടത്തിയ വാടകവീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നു. ഇവർ താമസിച്ചിരുന്ന വീടിന്റെ വടക്കുവശത്തുളള കുറ്റിക്കാട്ടിൽ നിന്നാണ് കത്തി അന്വേഷണസംഘം കണ്ടെത്തിയത്. വിജയ് ശ്രീധരനെ കുത്തിയശേഷം രക്ഷപെടുന്നതിനിടയിൽ കത്തി വലിച്ചെറിഞ്ഞതായി പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. കുത്താൻ ഉപയോഗിച്ച കത്തി പച്ചക്കറി അരിയാൻ വീട്ടിൽ ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ബ്യൂട്ടീപാർലർ ജീവനക്കാർക്ക് താമസിക്കാൻ സ്ഥാപന ഉടമ വാടകയ്ക്കെടുത്ത വീട്ടിൽ ഒരു വനിത ഉൾപ്പെടെ 5 പേരാണ് താമസിച്ചിരുന്നത്. വനിത മുകൾ നിലയിലും താഴത്തെ രണ്ടു മുറികളിലായി രണ്ടു പേർ വീതവുമായിരുന്നു താമസം. കഴിഞ്ഞ 25 നാണ് കിടപ്പുമുറിയിൽ വിജയിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവത്തിനുശേഷം സെക്കന്തരാബാദിലേക്ക് കടന്ന പ്രതിയെ ഇൻഫോപാർക്ക് എസ്.ഐ എ.എൻ ഷാജുവിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്ത് കഴിഞ്ഞ ദിവസമാണ് കാക്കനാട് എത്തിച്ചത്. ഇന്നലെ കാക്കനാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കൂടുതൽ അന്വേഷണങ്ങൾക്കായി നാലുദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.