കൊച്ചി: കാശില്ല, കൊച്ചി നഗരസഭയിലെ 30 ശതമാനത്തിലേറെ റോഡുകളുടെ അറ്റകുറ്റപ്പണി ഇനിയും ബാക്കി. നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ഹർജിയിൽ ജനുവരി 31 നകം നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണി തീർക്കാൻ ഹൈക്കോടതി നഗരസഭക്ക് അന്ത്യശാസനം നൽകിയിരുന്നതാണ്. എന്നാൽ കരാറുകാരനു നൽകാൻ പണമില്ലാത്തതിനാൽ 30 ശതമാനത്തിലേറെ റോഡുകളുടെ അറ്റകുറ്റപ്പണികൾ നടന്നില്ലെന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയാണ് സിംഗിൾബെഞ്ചിൽ അറിയിച്ചത്. മതിയായ ഫണ്ടില്ലാതെ റോഡു പണി പൂർത്തിയാക്കാൻ കഴിയില്ലെന്ന് നഗരസഭാ സെക്രട്ടറിയും വ്യക്തമാക്കിയിട്ടുണ്ട്.
അമിക്കസ് ക്യൂറി പറയുന്നു
2017 ഏപ്രിൽ മുതൽ നടത്തിയ റോഡു പണികളുടെ തുക കരാറുകാരന് നൽകാൻ കുടിശികയുണ്ട്. ഇതിനാൽ അവർ റോഡു പണി ഏറ്റെടുക്കുന്നില്ല.
റോഡു പണി പൂർത്തിയാക്കി കഴിഞ്ഞാൽ മറ്റ് ഏജൻസികൾ റോഡ് വെട്ടിപ്പൊളിക്കും
ഇതിനാൽ അഞ്ചു വർഷത്തെ ഗ്യാരന്റി എന്ന ഉത്തരവാദിത്വം ഏറ്റെടുക്കാനാവില്ല
ഹൈക്കോടതി പറയുന്നു
മതിയായ ഫണ്ട് ലഭ്യമാക്കുന്ന കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കണം
വകുപ്പുകൾ തമ്മിലുള്ള ഏകോപനവും റോഡ് പണി വൈകുന്നതിന് കാരണമാണ്
ഇതിനായി നഗര വികസന ഡയറക്ടറേറ്റ് നടപടിയെടുക്കണം