കൊച്ചി: മരടിലെ പൊളിച്ച ഫ്ലാറ്റുകളുടെ കോൺക്രീറ്റ് മാലിന്യം നീക്കം ചെയ്യുന്നത് പരിശോധിക്കാൻ ദേശീയ ഹരിത ട്രൈബ്യൂണൽ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജില്ലാ കളക്ടർ, സബ് കളക്ടർ, മലിനീകരണ നിയന്ത്രണ ബോർഡിലെ ഉദ്യോഗസ്ഥൻ, മരട് നഗരസഭാ സെക്രട്ടറി എന്നിവരടങ്ങിയ സംഘത്തിനാണ് ചുമതല.
ചുരുങ്ങിയ സമയത്തിനുള്ളിൽ മാലിന്യം കൃത്യമായി നീക്കം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനും അതിനായുള്ള ആക്ഷൻ പ്ളാൻ ഉണ്ടാക്കാനും ഈ സംഘത്തോട് ട്രൈബ്യൂണൽ നിർദ്ദേശിച്ചു. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
ശബ്ദ, അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാനുള്ള പദ്ധതി നിർദ്ദേശിക്കാനും കായലിൽ മാലിന്യം തള്ളുന്നില്ലെന്നും അതുവഴി കായൽ കയ്യേറ്റം നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനും ട്രൈബ്യൂണൽ നിർദ്ദേശിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡ് എറണാകുളം റീജിണൽ ഓഫീസിലെ ചീഫ് എൻവയേൺമെന്റൽ എൻജിനീയർക്കാണ് നോഡൽ ഓഫീസറുടെ ചുമതല.
പൊളിച്ചപ്പോഴുണ്ടായ പ്രകമ്പനത്തിന്റെ ആഘാതം പഠിക്കാനെത്തിയ ചെന്നൈ ഐ.ഐ.ടി സംഘത്തിന്റെ റിപ്പോർട്ട് തിങ്കളാഴ്ച സർക്കാരിന് സമർപ്പിക്കും. ഫ്ലാറ്റുകൾ വീണപ്പോൾ ഭൂമിയിലുണ്ടായ പ്രകമ്പനം വേഗത കൂടിയതായിരുന്നുവെന്ന് ഐ.ഐ.ടി സംഘത്തിന്റെ പ്രാഥമിക നിഗമനത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ, ഹൈ ഫ്രീക്വൻസിയിൽ ആയതിനാലാണ് ചുറ്റുമുള്ള കെട്ടിടങ്ങൾക്ക് നാശമുണ്ടാകാതിരുന്നത്.
ജനുവരി 15ന് സമർപ്പിക്കുമെന്ന് അറിയിച്ചിരുന്ന റിപ്പോർട്ട് രണ്ടാഴ്ച വൈകിയാണ് ഐ.ഐ.ടി സംഘം നൽകുന്നത്. ഈ റിപ്പോർട്ട് അനുസരിച്ചാണ് സമീപ വാസികൾക്ക് സർക്കാർ നഷ്ട പരിഹാരം നൽകേണ്ടത്. കെട്ടിടങ്ങൾക്ക് നാശമുണ്ടാവാത്ത സാഹചര്യത്തിൽ നഷ്ടപരിഹാരം നൽകേണ്ടി വരില്ല.
ആൽഫ സെറീൻ ഫ്ലാറ്റുകളിൽ നിന്നുള്ള കോൺക്രീറ്റ് മാലിന്യം ഇന്നലെ രാവിലെ മുതൽ നീക്കിത്തുടങ്ങി. ഹോളിഫെയ്ത്ത് എച്ച്ടുഒ, ജെയിൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നീ ഫ്ലാറ്റുകളിൽ രാത്രിയാണ് മാലിന്യനീക്കം. കെട്ടിടാവശിഷ്ടം പൊടിച്ച് എംസാൻഡ് ആക്കുന്ന റബിൾ മാസ്റ്റർ എന്ന യന്ത്രം ഇതുവരെ കൊച്ചിയിൽ എത്തിയിട്ടില്ല.