# ഇന്ന് ജലവിതരണം പുനരാരംഭിക്കുമെന്ന് വാട്ടർഅതോറിറ്റി

കൊച്ചി :വൈറ്റിലയിൽ ജലവിതരണ പൈപ്പ് പൊട്ടിയതിനെ തുടർന്ന് നഗരത്തിന്റെ തെക്കൻ മേഖലയിലുണ്ടായ പ്രതിസന്ധിക്ക് ഇന്നലെയും പരിഹാരമായില്ല. വൈറ്റില, കടവന്ത്ര, എളംകുളം, ചിലവന്നൂർ, പൂണിത്തുറ, ഗാന്ധിസ്‌ക്വയർ, പേട്ട, ചമ്പക്കര, പൊന്നുരുന്നി, ചളിക്കവട്ടം, പനമ്പള്ളിനഗർ, പേട്ട, തൈക്കൂടം, മരട് മുനിസിപ്പാലിറ്റിയിലെ ഏതാനും ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് ബുധനാഴ്ച രാവിലെ മുതൽ ജലവിതരണം മുടങ്ങിയത്.

രണ്ട് ലൈനുകളുടെ അറ്റകുറ്റപ്പണികൾ ഇന്നു പുലർച്ചെ പൂർത്തിയാകും. മൂന്നാമത്തേതിന്റെ പണിയും ഇന്ന് ഉച്ചയോടെ പൂർത്തീകരിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജല അതോറിറ്റി ഉദ്യോഗസ്ഥർ. അതു കഴിഞ്ഞാലുടൻ പമ്പിംഗ് ആരംഭിക്കും.

ഒന്നിടവിട്ട ദിവസങ്ങളിലാണ് ഈ ഭാഗത്ത് പമ്പിംഗ്. ജലവിതരണം പൂർവസ്ഥിതിയിലാകുന്നതിന് കുറഞ്ഞത് രണ്ടു ദിവസമെടുക്കാൻ സാധ്യതയുണ്ട്.ജലവിതരണം പൂർവസ്ഥിതിയിൽ ആവാതത്തിനാൽ പൈപ്പ് വെള്ളം മാത്രം ആശ്രയിക്കുന്നവരാണ് ദുരിതത്തിലായത്.

ജലവിതരണം തടസപ്പെട്ടത് പൈപ്പ് പൊട്ടിയതിനാൽ

നാവികസേനയ്ക്ക് വേണ്ടി ദക്ഷിണ നാവിക കമാൻഡിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം വരെ ബി.എസ്.എൻ.എല്ലിന്റെ ഒപ്ടിക്കൽ ഫൈബർ കേബിൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഡ്രില്ലിംഗ് നടത്തുന്നതിനിടയിലാണ് രണ്ടിടത്ത് പൈപ്പ് പൊട്ടിയത്.

തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള പൈപ്പ് ലൈൻ കടന്നു പോകുന്ന വൈറ്റില ട്രാക്കിലും പൊന്നുരുന്നി അണ്ടർപാസ് ഭാഗത്തുമാണ് പൈപ്പുകൾക്ക് തകരാറുണ്ടായത്. തമ്മനം പമ്പ് ഹൗസിൽ നിന്നുള്ള മൂന്ന് വലിയ പമ്പിംഗ് ലൈനുകളും നാല് ജലവിതരണ ലൈനുകളും കടന്നു പോകുന്ന ഭാഗത്താണ് തകരാർ.