ആലുവ: എറണാകുളം - ഓഖ എക്സ്പ്രസിലെ യാത്രക്കാരനെ മരക്കഷ്ണം കൊണ്ടടിച്ച് മൊബൈൽ ഫോൺ തട്ടിയെടുത്തു. ഇന്നലെ രാത്രി ഒമ്പത് മണിയോടെ ആലുവ റെയിൽവേ സ്റ്റേഷൻ വിട്ട് തുരുത്ത് റെയിൽവേ നടപ്പാലത്തിന് സമീപമത്തായിരുന്നു സംഭവം. എറണാകുളത്ത് ഹാർബർ റോഡിൽ കാന്റീൻ നടത്തുന്ന തിരൂർ സ്വദേശി സക്കീറിന്റെ ഫോണാണ് നഷ്ടമായത്. പെരിയാറിന് കുറുകെയുള്ള പാലമായതിനാൽ ട്രെയിനുകളെല്ലാം ഇവിടെയെത്തുമ്പോൾ വേഗത കുറക്കും. ഈ സമയം ട്രെയിനിന്റെ വാതിലിനോട് ചേർന്ന് നിന്ന് സക്കീർ ഫോൺ ചെയ്യുകയായിരുന്നു. പാളത്തിന് സമീപം നിന്ന രണ്ട് യുവാക്കളാണ് മരപ്പട്ടികയിൽ തുണി ചുറ്റിയ ശേഷം സക്കീറിന്റെ കൈയിൽ അടിച്ച് ഫോൺ തട്ടിയെടുത്തു. തുടർന്ന് അക്രമികൾ ഫോണും കൈക്കലാക്കി ഓടി. ട്രെയിൻ ഓടികൊണ്ടിരുന്നതിനാൽ സക്കീറിനോ ട്രെയിനിലുണ്ടായിരുന്ന മറ്റ് യാത്രക്കാർക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലും തൃശൂർ റെയിൽവേ സ്റ്റേഷനിലും പരാതി നൽകി.