തൊടുപുഴ: ടാർ ചെയ്തയുടൻ കുത്തിപൊളിക്കുക, പൊളിച്ചത് അടുത്തകാലത്തൊന്നും റീടാർ ചെയ്യാതിരിക്കുക... തുടങ്ങിയ കലാപരിപാടികളാണല്ലോ വാട്ടർ അതോറിട്ടിക്കാരുടെ ഒരു പതിവ്. അതുപോലെ മാസങ്ങൾക്ക് മുമ്പ് പുതിയ ജല വിതരണ പദ്ധതിക്കായി പൈപ്പുകൾ സ്ഥാപിക്കാൻ കുത്തിപ്പൊളിച്ചതാണ് തൊടുപുഴയിലെ വാട്ടർ അതോറിട്ടി റോഡ്. ഇതുവരെ റോഡ് നന്നാക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ട് പോലുമില്ല. നൂറുകണക്കിന് വാഹനങ്ങൾ പോകുന്ന ഈ റോഡിലൂടെയുള്ള യാത്ര ഇപ്പോൾ നരകമായി മാറി. 350 മീറ്റർ നീളമുള്ള റോഡിൽ 200 മീറ്റർ ഭാഗത്താണ് പൈപ്പിടൽ ജോലികൾ നടന്നു വരുന്നത്. 15 ദിവസത്തിനുള്ളിൽ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി റോഡ് നന്നാക്കുമെന്ന വ്യവസ്ഥയിലാണ് ജോലികൾ തുടങ്ങിയതെന്നു നാട്ടുകാർ പറയുന്നു. എന്നാൽ നാല് മാസമായിട്ടും നിർമാണം പൂർത്തിയായിട്ടില്ല. കുഴിയെടുത്ത ഭാഗമെല്ലാം കാൽനട പോലും സാദ്ധ്യമല്ലാത്തവിധം പൂർണമായും തകർന്നു. ഇതുവഴിയുള്ള വാഹനങ്ങൾ ഇപ്പോൾ മൂന്നു കിലോമീറ്റർ ചുറ്റി വളഞ്ഞാണു പോകുന്നത്. ജല അതോറിട്ടി, എക്സൈസ് ഓഫീസുകളിലേക്ക് എത്തുന്നവരും പ്രദേശത്തെ നിരവധി കുടുംബങ്ങളും വളരെയേറേ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. ആട്ടോറിക്ഷകളും മറ്റും ഈ റോഡിലൂടെ ഓട്ടം വരാൻ തയ്യാറാകാറില്ലെന്നും പ്രദേശവാസികൾ പറയുന്നു.
നാട്ടുകാർ സമരത്തിലേക്ക്
പൈപ്പിടൽ ജോലികൾക്കായി വെട്ടിപ്പൊളിച്ച റോഡ് എത്രയും വേഗം സഞ്ചാരയോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്ന് കാരുണ്യ റസിഡന്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
പണമില്ലെന്ന് കരാറുകാരൻ
ഈ മാസം ആദ്യം തന്നെ പദ്ധതി പൂർത്തിയാക്കാനാണ് വാട്ടർ അതോറിട്ടി ലക്ഷ്യമിട്ടിരുന്നത്. എന്നാൽ നിലവിൽ പണികൾ മുടങ്ങിയിരിക്കുകയാണ്. ക്രിസ്തുമസിന് മുമ്പ് കരാറുകാരന് കിട്ടേണ്ട എട്ട് കോടി രൂപയുടെ ബില്ല് മാറികിട്ടിയില്ല. അതിനാൽ പണമില്ലാത്തതിനാൽ പണികൾ തത്കാലം ചെയ്യാനാവില്ലെന്ന് കരാറുകാരൻ വാട്ടർ അതോറിട്ടിയെ അറിയിച്ചിരിക്കുകയാണ്. ചുരുക്കി പറഞ്ഞാൽ പണി പൂർത്തിയായി ടാർ ചെയ്യുന്നത് ഇനിയും നീളുമെന്ന് അർത്ഥം.
''ഈ മാസം അവസാനം തന്നെ പദ്ധതി കമ്മിഷൻ ചെയ്യാനാകും. ഇനി പൈപ്പുകൾ മോട്ടോറുമായി ഘടിപ്പിച്ചാൽ മാത്രം മതി. ഈ മാസത്തിനകം തന്നെ പൊളിച്ച റോഡും ടാറും ചെയ്യും.""
- ഇ.ജെ. ആന്റണി
(അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനിയർ)
എല്ലാ ദിവസവും വെള്ളമെത്തും
34 കോടി രൂപയുടെ പദ്ധതി യാഥാർത്ഥ്യമായാൽ വാട്ടർ അതോറിട്ടിയുടെ പരിധിയിലുള്ള എല്ലാ മേഖലയിലും വെള്ളമെത്തും. നിലവിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് വെള്ളം പമ്പ് ചെയ്യുന്നത്. പഴയ പ്ലാന്റിൽ ഒരു ദിവസം 120 ലക്ഷം ലിറ്റർ വെള്ളമാണ് അടിക്കുന്നത്. പദ്ധതി കമ്മിഷൻ ചെയ്യുന്നതോടെ ഇത് 200 ലക്ഷമായി ഉയരും.