karshikamela
റബർ പ്രതിസന്ധിയും പരിഹാര മാർഗ്ഗങ്ങളും സെമിനാറിൽ റബർബോർഡ് മുൻ ചെയർമാൻഡോ. പി.സി. സിറിയക് സംസാരിക്കുന്നു.

തൊടുപുഴ : സ്വാഭാവിക റബറിന്റെ ഇറക്കുമതി നിയന്ത്രിക്കാൻ സംരക്ഷണ ചുങ്കം ഏർപ്പെടുത്തണമെന്നും ഇറക്കുമതിയുടെ അതിപ്രസരം കർഷകരെ കണ്ണീര് കുടിപ്പിക്കുകയാണെന്നും റബർ ബോർഡ് മുൻ ചെയർമാൻ ഡോ. പി.സി. സിറിയക് പറഞ്ഞു. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് നടത്തിയ റബർ പ്രതിസന്ധിയും പരിഹാര മാർഗ്ഗങ്ങളും സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. . കേന്ദ്ര സർക്കാരിന്റെ ഇടപെടൽ അനിവാര്യമായെങ്കിൽ മാത്രമേ റബർ കർഷകർക്ക് പിടിച്ച് നിൽക്കാനാവൂ. വ്യവസായ മാന്ദ്യം കാരണം വിദേശ വിപണിയിൽ റബർ വാങ്ങാൻ ആളില്ലാതായി. മൂന്നുകൊല്ലം കൊണ്ട് റബറിന്റെ ആഭ്യന്തര ഉല്പാദനം പത്തു ലക്ഷം ടണ്ണിൽ നിന്നും അഞ്ചര ലക്ഷം ടണ്ണായി കുറഞ്ഞു. റബർ വില 150 രൂപ ഉറപ്പാക്കുന്ന പദ്ധതി വന്നതോടെ കുറേപേർ കൂടി ടാപ്പിംഗ് തുടങ്ങി. ഉല്പാദനം ഇപ്പോൾ 6.5 ലക്ഷം ടണ്ണിൽ എത്തി നിൽക്കുകയാണ്. ഇറക്കുമതിയുടെ അതിപ്രസരം കൊണ്ട് ആഭ്യന്തര ഉല്പാദനം കുറഞ്ഞു പോയാൽ അത് വീണ്ടെടുക്കാൻ ഇറക്കുമതിയുടെ മേൽ കൂടുതൽ ചുങ്കം ചുമത്തി ഇറക്കുമതിയെ നിയന്ത്രിക്കാം.

ഹൃസ്വകാലം കൊണ്ട് ആദായം തരുന്ന ഒരു ദീർഘ കാലവിളയാണ് എണ്ണപ്പനയെന്നും മറ്റു തോട്ട വിളകളേക്കാൾ കൃഷിചെലവ് കുറവാണെന്നതും കൂടുതൽ ആദായം ലഭിക്കുമെന്നത് എണ്ണപ്പന കൃഷിയുടെ പ്രത്യേകതയാണെന്നും ഓയിൽ പാം ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഡോ. ബാബു തോമസ് പറഞ്ഞു.
ഡപ്യൂട്ടി റബർ പ്രൊഡക്ഷൻ കമ്മീഷണർമാരായ ഡി. ശ്രീകുമാർ, പി.എം. സോമശേഖരൻ, ഡോ. കെ.ജെ. ജോസഫ് (ഡയറക്ടർ ഗുലാത്തി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഫിനാൻസ് ആന്റ് ടാക്‌സേഷൻ, കൊട്ടാരക്കര പൊന്നച്ചൻ, എസ്. മോഹൻ കുമാർ, കെ.ജി. സതീഷ് കുമാർ, സി. ജെ.മാത്യു ചൂരാപ്പുഴ, ജോസി കൊച്ചുകുടി എന്നിവർ സംസാരിച്ചു.



കാർഷിക മേളയിൽ ഇന്ന്

തൊടുപുഴ : ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് ഇന്നു രാവിലെ 10 - ന് പാവപ്പെട്ടവരുടെ പാർപ്പിട പ്രശ്നം , ഉച്ചകഴിഞ്ഞ് 2.30 മുതൽ മാലിന്യമില്ലാത്ത മലയാള നാട് എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടക്കും. വൈകിട്ട് ഏഴിന് പത്മശ്രീ. മീനാക്ഷി ഗുരുക്കളുടെ നേതൃത്വത്തിൽ കോഴിക്കോട് കടത്തനാടൻ കളരി സംഘം അവതരിപ്പിക്കുന്ന കളരിപ്പയറ്റ്. തുടർന്ന് ജോസി ആലപ്പുഴ അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഫ്യൂഷൻ നൈറ്റ്. പ്രശസ്ത ഗായിക സനാ മൊയ്തൂട്ടി അവതരിപ്പിക്കുന്ന സംഗീത സന്ധ്യ.