ചടങ്ങുകൾ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച്
നെടുങ്കണ്ടം : എസ്.എൻ.ഡി.പി യോഗം 6339-ാം നമ്പർ മഞ്ഞപ്പെട്ടി ശാഖായോഗത്തിന്റെ മൂന്നാമത് വാർഷികവും കാണിക്കമണ്ഡപ പ്രതിഷ്ഠാ വാർഷികവും നൂറ് ശതമാനം ഗ്രീൻ പ്രോട്ടോകോൾ ഉപയോഗിച്ച് മാലിന്യമുക്ത ഉത്സവമായി ആഘോഷിച്ചു. ശാഖായോഗം പ്രസിഡന്റ് മനോജ് പാറയടിയിൽ അദ്ധ്യക്ഷത വഹിച്ച പൊതുസമ്മേളനം പച്ചടി ശ്രീധരൻ സ്മാരക നെടുങ്കണ്ടം യൂണിയൻ പ്രസിഡന്റ് സജി പറമ്പത്ത് ഉദ്ഘാടനം ചെയ്തു. യോഗം ഡയറക്ടർബോർഡ് മെമ്പർ കെ.എൻ. തങ്കപ്പൻ, യൂണിയൻ കൗൺസിലർ കെ.ബി സുരേഷ്, മഞ്ഞപ്പെട്ടി സെന്റ് മേരീസ് ചർച്ച് വികാരി ഫാ. ജോസഫ് പൗവ്വത്ത്, മൂവാറ്റുപുഴ ഭഗവതി ക്ഷേത്രം മേൽശാന്തി ശിവദാസ് നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു. ഹരിതകേരളം ഇടുക്കി ജില്ലാ കോ-ഓഡിനേറ്റർ അരുൺ ഹരിത ശുചിത്വം സന്ദേശം നൽകുകയും ഇടുക്കി ജില്ലയിൽ ആദ്യമായി നൂറ് ശതമാനം ഹരിതമാർഗ്ഗത്തിലൂടെ ഉത്സവം നടത്തി പ്രകൃതിയെ സംരക്ഷിക്കുക എന്ന മഹത്തായ കർത്തവ്യം നടപ്പിലാക്കിയാണ് ഉത്സവം നടത്തിയെന്നത് ബോദ്ധ്യപ്പെട്ടതിനാൽ കേരള ഹരിതമിഷന്റെ അഭിനന്ദനങ്ങൾ അറിയിക്കുകയും ജില്ലയിലെ ആദ്യത്തെ ഗ്രീൻ സർട്ടിഫിക്കറ്റ് മഞ്ഞപ്പെട്ടി ശാഖായോഗത്തിന് നൽകുകയും ചെയ്തു. ശാഖായോഗം വൈസ് പ്രസിഡന്റ് അനീഷ് കുന്നുംപുറത്ത്, സെക്രട്ടറി അഭിലാഷ് കുര്യൻപ്ലാക്കൽ തുടങ്ങിയവർ ഉത്സവത്തിന് നേതൃത്വം നൽകി.