കട്ടപ്പന: നഗരസഭയുടെയും ട്രാവൻകൂർ അഗ്രോ സൊസൈറ്റിയുടെയും നേതൃത്വത്തിൽ കഴിഞ്ഞ 18മുതൽ നടത്തിവന്ന കട്ടപ്പന ഫെസ്റ്റ് സമാപിച്ചു. നിർധന രോഗികളുടെ ചികിത്സയ്ക്കുള്ള ഫണ്ട് സമാഹരിക്കാൻ ലക്ഷ്യമിട്ടാണ് ഫെസ്റ്റ് സംഘടിപ്പിച്ചത്. സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിനോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകളും കാഷ് അവാർഡുകളും വിതരണം ചെയ്തു. നഗരസഭാദ്ധ്യക്ഷൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ മനോജ് എം.തോമസ്, എം.സി ബിജു, തോമസ് മൈക്കിൾ, സിബി പാറപ്പായിൽ, പി.ആർ. രമേശ്, മേഴ്സി സ്‌കറിയ തുടങ്ങിയവർ പ്രസംഗിച്ചു.


മരണക്കിണർ അഭ്യാസിക്ക് പരിക്ക്

കട്ടപ്പന: കട്ടപ്പന ഫെസ്റ്റിലെ മരണക്കിണറിൽ അഭ്യാസപ്രകടനം നടത്തുന്നതിനിടെ ബൈക്കിൽ നിന്നു വീണ് യുവാവിനു പരിക്കേറ്റു. മരണക്കിണർ അഭ്യാസിയായ ധനീഷാ(24) ണ് അപകടത്തിൽപ്പെട്ടത്. ചൊവ്വാഴ്ച രാത്രി വൈകി അഭ്യാസ പ്രകടനം നടത്തുന്നതിനിടെയാണ് സംഭവം. നഗരത്തിലെ സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.