കട്ടപ്പന: കേരളത്തിൽ പൗരത്വ നിയമ ഭേദഗതി പിണറായിയെക്കൊണ്ട് നടപ്പിൽ വരുത്തിക്കാനുള്ള ശേഷി കേന്ദ്ര സർക്കാരിനുണ്ടെന്ന് ബി.ജെ.പി. മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ. പത്മനാഭൻ പറഞ്ഞു.. ബി.ജെ.പി. ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജനജാഗ്രത സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുവലതു കക്ഷികൾ ഒരുമിച്ച് സമരം നടത്തുകയാണ്. പിണറായിയും ചെന്നിത്തലയും അളിയൻമാരെപ്പോലെയാണിപ്പോൾ. മുസ്ലീം മതവിശ്വാസികളെ മതഭ്രാന്തൻമാരാക്കി തെരുവുയുദ്ധത്തിനു പ്രേരിപ്പിക്കുകയാണ് സി.പി.എമ്മും കോൺഗ്രസും. ന്യൂനപക്ഷങ്ങളുടെ വോട്ട് ബാങ്ക് മാത്രമാണ് ഇവരുടെ ലക്ഷ്യം. ഇന്ത്യയിലെ ഒരു മുസ്ലീമിനെ പോലും ബാധിക്കാത്ത നിയമ ഭേദഗതിക്കെതിരെ യുക്തി ഭദ്രതയില്ലാത്തവരാണ് സമരം നടത്തുന്നത്. രാജ്യത്ത് കലാപം സൃഷ്ടിക്കാനാണ് ഇടതുവലതു കക്ഷികളുടെ ശ്രമം. കപട മതേതരവാദികളുടെ കെണിയിൽ മുസ്ലീംകൾ വീഴരുതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ നടക്കുന്ന സമരവും കെട്ടടങ്ങും. ജനങ്ങൾ സത്യം തിരിച്ചറിയും. പ്രധാനമന്ത്രിയുടെ കോലം കത്തിച്ച് തെരുവുകളി നടത്തുന്നവർ ഓർക്കണം, തെരുവുയുദ്ധം നടത്താൻ കെൽപുള്ളവരാണ് ബി.ജെ.പിയിലുള്ളത്. ഭാരതത്തെ ഹിന്ദു രാഷ്ട്രമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്നാണ് ഇടതുവലതു മുന്നണികൾ പറയുന്നത്. എന്നാൽ ഭാരതം ഒരു ഹിന്ദുരാഷ്ട്രമാണെന്നും അതറിയാത്തവർക്ക് ബോദ്ധ്യപ്പെടുത്തി കൊടുക്കുകയാണ് വേണ്ടതെന്നും സി.കെ. പത്മനാഭൻ പറഞ്ഞു. മുമ്പ് രാമജന്മഭൂമിയിൽ രാമക്ഷേത്രം നിർമിക്കാൻ പാടില്ലെന്നു കേരള നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. അതിന്റെ ഗുണമുണ്ടായത് സുപ്രീംകോടതി വിധിയിലൂടെയാണ്. ചരിത്ര കോൺഗ്രസ് വേദിയിൽ മറ്റുള്ളവർ നുണപ്രചരണം നടത്തിയപ്പോഴാണ് ഗവർണർ തന്റെ പ്രസംഗത്തിൽ അഭിപ്രായം പറഞ്ഞത്. എന്നാൽ അദ്ദേഹത്തെ അവഹേളിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കാൻ സാദ്ധ്യതയില്ലെന്നും സി.കെ. പത്മനാഭൻ കുറ്റപ്പെടുത്തി. യോഗത്തിൽ ജില്ലാ പ്രസിഡന്റ് ബിനു കൈമൾ അദ്ധ്യക്ഷത വഹിച്ചു. മഹിള മോർച്ച സംസ്ഥാന പ്രസിഡന്റ് വി.ടി. രമ മുഖ്യപ്രഭാഷണം നടത്തി. ശ്രീനഗരി രാജൻ, പി.എ. വേലുക്കുട്ടൻ, ഷാജി നെല്ലിപ്പറമ്പിൽ, ജെ. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.