തൊടുപുഴ: സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ പൂർണ്ണമായും ഇല്ലായ്മ ചെയ്യുന്നതിന് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ മാതൃകാപരമായ നിരവധി പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നുണ്ടെങ്കിലും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾവർദ്ധിക്കുന്നതായാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡുകൾ കേന്ദ്രീകരിച്ച് ജാഗ്രത സമിതികൾ രൂപീകരിച്ചിട്ടുണ്ടെങ്കിലും അതെല്ലാം വെറും കേട്ട് കാഴ്ച്ചകളായി മാറുന്ന അവസ്ഥയാണ് കണ്ട് വരുന്നതും.ജാഗ്രത സമിതികൾ രൂപീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വർഷങ്ങൾക്ക് മുൻപ് സർക്കാർ നിർദേശം നൽകിയിട്ടുണ്ടെങ്കിലും ഇത് വരെ രുപീകരിക്കാത്ത സ്ഥാപനങ്ങളും ജില്ലയിലുണ്ട്. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലുള്ള ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ, വിവിധ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, പൊലീസ്, കുടുംബശ്രീ, അംഗൻവാടി - സന്നദ്ധ പ്രവർത്തകർ എന്നിവർ അടങ്ങുന്ന സംഘമാണ് ജാഗ്രത സമിതിയിൽ ഉൾപ്പെടുന്നത്. തദ്ദേശ സ്ഥാപന അധ്യക്ഷരാണ് ഈ സമിതികളുടെയും അധ്യക്ഷരായി പ്രവർത്തി ക്കുന്നതും. ഓരോ വാർഡുകൾ കേന്ദ്രീകരിച്ച് വാർഡ് മെമ്പറുടെ നേതൃത്വത്തിലും ഇത്തരം സമിതികൾക്ക് സർക്കാർ രൂപം നൽകിയിട്ടുണ്ട്. ഓരോ മൂന്ന് മാസങ്ങൾ കഴിയുന്തോറും ജാഗ്രത സമിതികൾ യോഗം ചേർന്ന് വിലയിരുത്തൽ നടത്തണം എന്നാണ് വ്യവസ്ഥ. അടുത്ത വീടുകളിലെ സ്ത്രീകളും പെൺകുട്ടികളും അനുഭവിക്കുന്ന പ്രശ്നങ്ങൾ അറിയുന്നതിനും അവക്ക് സർക്കാർ സംവിധാനത്തിലൂടെ ശാശ്വത പരിഹാരം കണ്ടെത്തുക എന്നതാണ് ജാഗ്രത സമിതികളുടെ ലക്ഷ്യം.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രൂപീകരിച്ചിരിക്കുന്ന ജാഗ്രത സമിതികൾ കൃത്യമായി യോഗങ്ങൾ ചേരാത്തത് പ്രശ്നങ്ങൾ കണ്ടെത്താനും അത് പരിഹരിക്കുന്നതിനും തടസ്സമാകുന്നു.
ഭൂമികയിൽ ഈ വർഷം രജിസ്റ്റർ ചെയ്ത കേസുകൾ
പുരുഷൻ തന്റെ അധികാരം ഉപയോഗിച്ച് ഒരു സ്ത്രീയെയോ പെൺകുട്ടിയെയോ ഏതെങ്കിലും രീതിയിൽ അതിക്രമിച്ചാൽ ഇരയാകുന്നവർക്ക് സൗജന്യ വൈദ്യസഹായവും കൗൺസലിംഗും നൽകുന്നതിനായി ജില്ലാ ആശുപത്രികളിലും തിരഞ്ഞെടുത്ത താലൂക്ക് ആശുപത്രികളിലും "ഭൂമിക" എന്ന കേന്ദ്രം പ്രവർത്തിച്ച് വരുന്നുണ്ട്. ഇവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഒരു വനിത കൗൺസിലർ /കോർഡിനേറ്ററെയും നിയമിച്ചിട്ടുണ്ട്.
ജില്ലയിൽ ഭൂമികയിൽ രജിസ്റ്റർ ചെയ്ത വിവിധ കേസുകൾ.
ഗാർഹിക പീഡനം -120
മാനസിക പീഡനം -23
ലൈംഗിക പീഡനം - 65
ആൽമഹത്യ പ്രവണത - 18
കുടുംബ പ്രശ്നങ്ങൾ - 196