chennithala

ഇടമലക്കുടി (ഇടുക്കി):"തലൈവർ വാഴ്കെ... എതിർകച്ചി തലൈവർ രമേശ്ജി വാഴ്കെ" .പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തമിഴിൽ ഉശിരൻ ജയ് വിളി. പുതുവർഷദിനത്തിൽ കാടും മേടും താണ്ടി ഇന്ത്യയിലെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിയിലെത്തിയ ചെന്നിത്തലയ്ക്ക് ഊഷ്മള വരവേൽപ്പാണ് ലഭിച്ചത്.

തുടർച്ചയായ ഒമ്പതാം വർഷമാണ് അദ്ദേഹം ആദിവാസികൾക്കൊപ്പം പുതുവർഷദിനം ചെലവഴിക്കുന്നത്. ഇത്തവണ ഇടമലക്കുടിയാണ് തിരഞ്ഞെടുത്തത്.പട്ടികജാതി- വർഗ വിഭാഗങ്ങളുടെ ഉന്നമനത്തിനായി കെ.പി.സി.സി പ്രസിഡന്റായിരിക്കെ രൂപീകരിച്ച ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായിരുന്നു സന്ദർശനം.

ദുർഘടമായ വനപാതയിലൂടെ ഏറെ ക്ലേശം സഹിച്ച് നാലര മണിക്കൂറിലേറെ യാത്ര ചെയ്താണ് ചെന്നിത്തല ഇടമലക്കുടിയിലെത്തിയത്. രാവിലെ 8.10ന് മൂന്നാർ ഗവ. ഗസ്റ്റ് ഹൗസിൽ നിന്ന് ഡീൻ കുര്യാക്കോസ് എം.പിയടക്കമുള്ള ജനപ്രതിനിധികൾക്കും കോൺഗ്രസ് നേതാക്കൾക്കുമൊപ്പമാണ് യാത്ര തിരിച്ചത്. മൂന്നാറിൽ നിന്ന് 24 കിലോമീറ്റർ അകലെയുള്ള പെട്ടിമുടി വരെ ഔദ്യോഗിക വാഹനത്തിൽ . ഇവിടെ നിന്ന് കാനനപാതയിലൂടെ ഓഫ് റോഡ് ജീപ്പിലായിരുന്നു കുടിയിലേക്കുള്ള യാത്ര. മൂന്ന് മണിക്കൂർ നീണ്ട സാഹസിക യാത്രയ്ക്കൊടുവിൽ 12 മണിയോടെ ഇടമലക്കുടി പഞ്ചായത്തിലെ ആദ്യത്തെ കുടികളിലൊന്നായ ഇഡലിപ്പാറയിലെത്തി. ഇവിടെ ഊരുനിവാസികൾ പരമ്പരാഗത രീതിയിൽ സ്വീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവരുടെ പരാതികളും നിവേദനങ്ങളും ഏറ്റുവാങ്ങി സൊസൈറ്റി കുടിയിലെത്തി. ഇവിടെയും നിരവധിപ്പേർ സ്വീകരിക്കാനും നിവേദനം നൽകാനും കാത്ത് നിൽക്കുന്നുണ്ടായിരുന്നു. സഞ്ചാരയോഗ്യമായ റോഡ്,​ ശുദ്ധജലം തുടങ്ങിയവായിരുന്നു ആവശ്യങ്ങൾ. ഡീൻ കുര്യാക്കോസിന്റെ എം.പി ഫണ്ടിൽ 66 ലക്ഷം രൂപ സൊസൈറ്റിക്കുടിയിലെ സ്കൂളിനും അഞ്ച് ലക്ഷം രൂപ കഞ്ഞിപ്പുരയ്ക്കും നൽകുമെന്ന പ്രഖ്യാപനം കൈയടികളോടെയാണ് ഊരുനിവാസികൾ സ്വീകരിച്ചത്. ആദിവാസികൾക്കൊപ്പം അവർ തയ്യാറാക്കിയ ഉച്ചഭക്ഷണവും കഴിച്ച് മൂന്നരയോടെയാണ് പ്രതിപക്ഷ നേതാവും സംഘവും മടങ്ങിയത്.