ഇടമലക്കുടി: പുതുവർഷദിനത്തിൽ ഇടമലക്കുടിക്കാർക്ക് പുത്തൻ പ്രതീക്ഷ നൽകി പ്രതിപക്ഷനേതാവ്. ഗാന്ധിഗ്രാം പദ്ധതിയുടെ ഭാഗമായി ആദിവാസികൾക്കൊപ്പം പുതുവത്സരദിനം ചെലവിടാൻ ഇടമലക്കുടിയിലെത്തിയ രമേശ് ചെന്നിത്തല കുടിനിവാസികളുടെ പ്റശ്നങ്ങൾക്ക് പരിഹാരം കാണുമെന്ന് ഉറപ്പ് നൽകി. രാവിലെ 8.10ന് മൂന്നാറിൽ നിന്ന് പുറപ്പെട്ട പ്രതിപക്ഷ നേതാവ് ഔദ്യോഗിക വാഹനത്തിലും ഓഫ് റോഡ് ജീപ്പിലുമായി ദുർഘടപാതയിലൂടെ നാലര മണിക്കൂറിലേറെ യാത്ര ചെയ്താണ് കുടിയിലെത്തിയത്. ആദ്യം ഇഡിലിപ്പാറ കുടിയിലെത്തിയ ചെന്നിത്തലയ്ക്ക് വൻ സ്വീകരണമാണ് കുടിനിവാസികൾ ഒരുക്കിയിരുന്നത്. ആദ്യം അങ്കണവാടി ടീച്ചർ ശശികലയോടും സ്ത്രീകളും കുട്ടികളുമടക്കമുള്ളവരോടും അദ്ദേഹം വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കുടിയിലെ ഏകാദ്ധ്യാപിക സ്‌കൂളിലെ അദ്ധ്യാപിക വിജയലക്ഷ്മിയുടെ വേണ്ടത്ര ശമ്പളമില്ലെന്ന പരാതി നിയമസഭയിൽ ഉന്നയിക്കുമെന്ന് രമേശ് ഉറപ്പ് നൽകിയത് ഏവരും കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
തുടർന്ന് സൊസൈറ്റികുടിയിലെത്തിയ അദ്ദേഹത്തിന് നിരവധി പരാതികളും നിവേദനങ്ങളുമാണ് ലഭിച്ചത്. ഭൂരിഭാഗവും റോഡ്, ശുദ്ധജലം, മൊബൈൽ റേഞ്ച് എന്നിവയെ സംബന്ധിച്ചായിരുന്നു. തുടർന്ന് സംസാരിച്ച ചെന്നിത്തല ഇടമലക്കുടിയിലേക്കുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് പറഞ്ഞു. റോഡ് യാഥാർത്ഥ്യാക്കാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തും. ഇല്ലെങ്കിൽ അടുത്ത സർക്കാർ തീർച്ചയായും റോഡ് നിർമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടമലക്കുടിക്കായി പി.കെ. ജയലക്ഷ്മി മന്ത്രിയായിരിക്കെ 10.5 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 4.5 കോടി ചെലവഴിച്ചതായി പറയുന്നു. എന്നാൽ എവിടേക്ക് പോയെന്ന് മാത്രം ആർക്കും അറിയില്ല. സ്‌കൂൾ കെട്ടിടത്തിനും കഞ്ഞിപ്പുരയ്ക്കുമായി ഡീൻ കുര്യാക്കോസിന്റെ എം.പി ഫണ്ടിൽ നിന്നുള്ള 71 ലക്ഷം രൂപ പ്രഖ്യാപിച്ചു. കുടിവെള്ളം, വൈദ്യതി, മൊബൈർ കവറേജ് തുടങ്ങിയ പ്രശ്‌നങ്ങൾ സർക്കാരിനെ അറിയിക്കുമെന്ന് അദ്ദേഹം ആദിവാസികൾക്ക് ഉറപ്പ് നൽകി. ഇടമലക്കുടിയിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്ന അദ്ധ്യാപകൻ സുധീഷ്, ഹെഡ്മാസ്റ്റർ വാസുദേവൻപിള്ള എന്നിവരെ അനുമോദിച്ചു. ദേശീയ ഗെയിംസിൽ വിജയിച്ച ചന്ദനകുമാർ, നാഷണൽ ഗെയിസംസിൽ വിജയിച്ച ശിവപെരുമാൾ, ബിനു എന്നിവരെയും ആദരിച്ചു. കനകശ്രീ അവാർഡ് ലഭിച്ച കവി അശോകന് ട്രോഫിയും നൽകി. ഡീൻ കുര്യാക്കോസ് എം.പി, ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാർ, ഇ.എം അഗസ്തി, റോയി.കെ പൗലോസ്, കൊച്ചുത്രേസ്യ പൗലോസ്, എ.കെ മണി, ജി. മുനിയാണ്ടി, ഡി. കുമാർ, ദേവികുളം തഹസിൽദ്ദാർ ജിജി കുന്നപ്പള്ളി, വനംവകുപ്പ് ഉദ്യോഗസ്ഥർ, ട്രൈബികൾ ഓഫീസർ, മൂന്നാർ സർക്കിൾ ഇൻസ്‌പെക്ടർ എം.കെ റെജി, എസ്.ഐ ഫക്രുദ്ദീൻ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ഇതാ പിടിച്ചോ ലാപ്ടോപ്പ്
പ്രതിപക്ഷ നേതാവിന് ലഭിച്ച നിരവധി നിവേദനങ്ങളിലൊന്ന് അൽപ്പം വ്യത്യസ്തമായിരുന്നു. ഡിഗ്രി വിദ്യാർത്ഥിയായ മകൻ ഗണേശിന് തുടർപഠനത്തിന് ലാപ്ടോപ്പ് ആവശ്യമാണെന്നും പണമില്ലാത്തതിനാുൽ അത് വാങ്ങാൻ കഴിയില്ലെന്നുമുള്ള പിതാവിന്റെ നിവേദനമായിരുന്നു അത്. ഗണേശിനെയും അച്ഛനെയും അരികിലേക്ക് വിളിച്ച ചെന്നിത്തല ഇന്നലെ തന്നെ ലാപ്ടോപ്പ് വാങ്ങി നൽകാമെന്ന് ഉറപ്പ് നൽകി.