തൊടുപുഴ : മാലിന്യമില്ലാത്ത നാട് എന്ന സംസ്‌കാരം അടുത്ത തലമുറയ്ക്ക് നൽകാൻ നമുക്ക് കഴിയണമെന്ന് ഇ.എസ്. ബിജിമോൾ എം.എൽ.എ അഭിപ്രായപ്പെട്ടു. കാർഷികമേളയോടനുബന്ധിച്ച് നടത്തിയ മാലിന്യമില്ലാത്ത മലയാള നാട് എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. എന്റെ കുടുംബത്തിലെ മാലിന്യം ഞങ്ങളുടെ ഉത്തരവാദിത്വം എന്ന ചിന്ത നമ്മൾ ഓരോരുത്തരും വളർത്തിയെടുക്കണമെന്ന് എം. എൽ. എ പറഞ്ഞു.
ഐ.ബി.എസ്. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ് , ക്ലീൻ കേരള മിഷൻ മാനേജിംഗ് ഡയറക്ടർ പി.കേശവൻനായർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സാജു സെബാസ്റ്റ്യൻ, ഹൈടെക് ബയോ ഫെർട്ടിലൈസേഴ്സ് ഡയറക്ടർ ജോസ് ജോസഫ് മൂഞ്ഞേലി, അഡ്വ. മാത്യു ജോർജ്, കുഞ്ഞുകോശി പോൾ, ജില്ലാ പഞ്ചായത്ത് മെമ്പർ സി.വി. സുനിത, എ.എസ്. ജയൻ എന്നിവർ സംസാരിച്ചു.
ഗ്രാമം മുതൽ നഗരം വരെ ഒറ്റ പ്രദേശമായി വിഭാവനം ചെയ്ത വികസനം യാഥാർത്ഥ്യമാകാത്തതിനാൽ ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്നവർക്ക് ഒരു പോലെ വളരാൻ സാധിക്കാതെ പോയെന്ന് പ്രശസ്ത ആർകിടെക്ട് ജയ്‌ഗോപാൽജി റാവു അഭിപ്രായപ്പെട്ടു. ഗാന്ധിജി സ്റ്റഡി സെന്റർ കാർഷികമേളയോടനുബന്ധിച്ച് നടത്തിയ പാവപ്പെട്ടവരുടെ പാർപ്പിട പ്രശ്നം സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെമിനാർ ജോണി നെല്ലൂർ എക്സ് എം.എൽ.എഉദ്ഘാടനം ചെയ്ത .കുര്യാക്കോസ് പടവൻ അദ്ധ്യക്ഷത വഹിച്ചു. കാഡ്സ് പ്രസിഡന്റ് ആന്റണി കണ്ടിരിക്കൽ, ജോൺസ് ജേക്കബ്, ജോ ജോസഫ്, ഡോ. കെ. എ. അബൂബക്കർ, വി.ചെറിയാൻ, ജോൺ കെ.മാത്യൂസ്, അഡ്വ. റെനീഷ് മാത്യു എന്നിവർ സംസാരിച്ചു.
കാർഷിക മേളയിൽ ഇന്ന്
കാർഷികമേളയോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് 2.30 മുതൽ കാർഷിക മേഖലയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്ന വിഷയത്തിൽ സെമിനാർ നടക്കും.
വൈകിട്ട് ഏഴിന് പ്രശാന്ത് പുന്നപ്രയും സുബി സുരേഷും ചേർന്ന് നയിക്കുന്ന മെഗാഷോ.ഗായിക രഞ്ജിനി ജോസ് അവതരിപ്പിക്കുന്ന സംഗീത സന്ധ്യ.