അടിമാലി : ചാറ്റുപാറ പുത്തൻപുരക്കൽ ബിനുവിന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് 22ന് അടിമാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും ധർണ്ണയും നടത്താൻ ആക്ഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. 2019 നവംബർ 10 ന് ചാറ്റുപാറ അക്കാമ്മ കോളനിയിൽ പട്ടികജാതി വിഭാഗത്തിൽ പെട്ട പുത്തൻപുരക്കൽ ബിനുവിന്റെ മരണത്തെ സംബന്ധിച്ച് സ്‌പെഷ്യൽ ടീമിനെകൊണ്ടു സമഗ്ര അന്വേഷണം നടത്തണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. വീടിനോട് ചേർന്ന് മുറ്റത്ത് നിന്നിരുന്ന ചാമ്പമരത്തിന് ചുവട്ടിലായിരുന്നു ബിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. ചാമ്പമരത്തിന് മുകളിൽനിന്നും കൈലിമുണ്ട് തൂങ്ങി കിടക്കുന്നതിനാൽ ആത്മഹത്യയാകാം എന്ന സംശയം ഉയർന്നിരുന്നു. എന്നാൽ ബിനുവിന്റെ മുഖത്ത് രക്തം പടർന്നിരുന്നതായി കണ്ടെത്തിയതോടെ സംഭവത്തിൽ ദുരൂഹത ഉളളതായി സംശയിക്കുന്നു. ടി ബിനു മരണപ്പെട്ടു കിടന്നിരുന്ന സ്ഥലത്തും പരിസരങ്ങളിലും ഡോഗ് സ്‌ക്വാഡ് രണ്ട് പ്രാവിശ്യം അന്വേഷണം നടത്തുകയും സമീപ പ്രദേശങ്ങളിൽപോയി ബിനു മരണപ്പെട്ട് കിടന്നിരുന്ന സ്ഥലത്തു തിരിച്ചെത്തുകയും ചെയ്തു. മുഖത്ത് രക്തം ഉണങ്ങിപ്പിടിച്ചതും ദേഹത്ത് പരിക്കുകൾ കണ്ടെത്തിയതും. ഇരുകാലുകളും കൈയ്യും മടങ്ങിയിരിക്കുന്ന അവസ്ഥയിലാണ് മൃതദേഹം കിടന്നിരുന്നത്.ബിനുവിന്റെ മരണത്തിൽ നിഗൂഡകൾ നിലനിൽകുന്നതുകൊണ്ട് ഈ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നും ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നു. ആയതിനാൽ ബിനുവിന്റെ മരണത്തെ സംബന്ധിച്ച് സ്‌പെഷ്യൽ ടീമിന്റെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം നടത്തി യഥാർത്ഥ കുറ്റക്കാരെ കണ്ടെത്തെണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിമാലി പൊലീസ് സ്റ്റേഷനിലേക്ക് മാർച്ചും, ധർണ്ണയും നടത്തുന്നത്. യോഗത്തിൽ ചെയർമാൻ എം.ജി.പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ജന.കൺവീനർ കെ.കെ.രാജൻ, ഫിലിപ്പ് തോമസ്, കെ.കെ.സതീഷ്, പി.കെ.സജീവ്, എൻ.കെ.പ്രദീപ്, ടി.കെ.സുകുമാരൻ എന്നിവർ സംസാരിച്ചു.