road

രാജാക്കാടുനിന്നും നെടുങ്കണ്ടത്തേക്ക് എട്ട് കിലോമീറ്റർ ലാഭിക്കാൻ സാധിക്കും

വർഷങ്ങളായി തകർന്ന് കിടന്ന റോഡിന് ശാപമോക്ഷം

നെടുങ്കണ്ടം: ഏറെ നാളായി ശോച്യാവസ്ഥയിലായിരുന്ന ഹിൽ ഹൈവേക്ക് ശാപമോക്ഷം. മയിലാടുംപാറ രാജാക്കാട് റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് ആരംഭിച്ചത്. പത്തുവർഷം മുമ്പ് ഹിൽ ഹൈവേയായി പ്രഖ്യാപിച്ച റോഡ് യാതൊരു അറ്റകുറ്റപ്പണികളും നടത്താതെ വന്നതോടെ തകർന്നിരുന്നു. മയിലാടുംപാറ മുതൽ കാരിത്തോട് വരെയുള്ള ഭാഗമാണ് ഏറ്റവുംകൂടുതൽ തകർന്നിരുന്നത്. ഈഭാഗം കാൽനടയാത്രയ്ക്കുപോലും പറ്റാത്ത സ്ഥിതിയായിരുന്നു. മന്ത്രി എം.എം. മണിയുടെ ഇടപെടലിനേത്തുടർന്നാണ് ഇപ്പോൾ മയിലാടുംപാറ മുതൽ രാജാക്കാട് വരെയുള്ള റോഡ് ഫുൾ ടാറിംഗ് ജോലികൾ ആരംഭിച്ചിരിക്കുന്നത്. 17 കിലോമീറ്റർ ദൂരം വീതികൂട്ടി ടാറിംഗ് നടത്തുന്നതിനായി 17 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെഏറെ യാത്രക്കാർക്കാണ് പ്രയോജനകരമാകും. നെടുങ്കണ്ടത്തുനിന്നും രാജാക്കാട്, അടിമാലി, എറണാകുളം ഭാഗത്തേക്ക് ഏറ്റവും കുറഞ്ഞദൂരത്തിൽ എത്താവുന്നതാണ് ഈ റോഡ്. ഇതിനാൽതന്നെ ചെറുതും വലുതുമായ നിരവധി വാഹനങ്ങളാണ് ഈ റോഡിലൂടെ കടന്നുപോകുന്നത്.